തൃശൂരിൽ റോഡരികിൽ പരിക്കേറ്റനിലയിൽ കണ്ടെത്തിയ യുവഎഞ്ചിനീയറുടെ മരണം കൊലപാതകമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. തലക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർമാർ അറിയിച്ചു. ഇന്ന് പുലർച്ചയോടെയായിരുന്നു സംഭവം. പുറ്റേക്കര സ്വദേശി അരുൺ കുമാറാണ് മരിച്ചത്. സംഭവസ്ഥലത്ത് നിന്ന് രണ്ടുപേർ ഓടിപ്പോകുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പോലീസിന് കിട്ടിയിട്ടുണ്ട്. മരിച്ച അരുൺകുമാറിന്റെ തലയ്ക്കേറ്റ മുറിവ് ബിയർ കുപ്പി കൊണ്ട് ഉണ്ടായതാകാമെന്നാണ് നിലവിൽ പോലീസിന്റെ നിഗമനം. സംഭവസ്ഥലത്തെ പരിശോധനയിൽ നിന്നും ഫോറെൻസിക് പൊട്ടിയ ബിയർ കുപ്പി കണ്ടെടുത്തിട്ടുണ്ട്.
ഇന്നലെ രാത്രി പതിനൊന്ന്മണിയോടെ പന്ത് കളിച്ചു മടങ്ങിയ രണ്ട് യുവാക്കളാണ് കൈപ്പറമ്പ് പുറ്റേക്കരയിലെ വഴിയരികിൽ അവശനിലയിൽ അരുണിനെ കണ്ടെത്തിയത്. യുവാക്കളും നാട്ടുകാരും ചേർന്ന് തൃശൂർ മെഡിക്കൽകോളേജിൽ എത്തിച്ചെങ്കിലും രാവിലെയോടെ അരുൺ മരണമടഞ്ഞു. അരുൺകുമാറിന്റെ മുഖത്തും മറ്റ് ശരീരഭാഗങ്ങളിലും മുറിവും ചതവും ഉണ്ടായിരുന്നു. യുവാവിന്റെ മരണത്തിൽ നാട്ടുകാർ ദുരൂഹത ആരോപിച്ചിരുന്നു. ഫോറെൻസിക് വിഭാഗം സംഭവസ്ഥലത്തെത്തി തെളിവെടുപ്പ് നടത്തിയിരുന്നു. നഗരത്തിലെ ഒരു ബാറിൽ നിന്നാണ് അരുൺ രാത്രി വീട്ടിലേക്ക് മടങ്ങിയത് എന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാൾ ആക്രമിക്കപ്പെട്ട വഴിയിലെയും സമീപപ്രദേശങ്ങളിലെയും സി.സി.ടി.വി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. സംഭവസ്ഥലത്ത് നിന്ന് രണ്ട് യുവാക്കൾ ഓടിപ്പോകുന്നതിന്റെയും രണ്ടുപേർ ബൈക്കിൽ പോകുന്നതിന്റെയും ദൃശ്യങ്ങൾ കിട്ടിയിട്ടുണ്ട്. ഇവരെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തിവരികയാണ്. മരിച്ച അരുൺകുമാറിന്റെ ഫോണും പരിശോധിക്കുണ്ട്. പ്രതികൾ ഉടൻ പിടിയിലാകുമെന്നാണ് സൂചന.