ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പ (88) കാലംചെയ്തു. പ്രാദേശിക സമയം ഇന്നു രാവിലെ 7.35 ന് ആയിരുന്നു മാർപാപ്പയുടെ വിയോഗമെന്ന് വത്തിക്കാൻ അറിയിച്ചു. ന്യൂമോണിയ ബാധിതനായി ഗുരുതരാവസ്ഥയിൽ 38 ദിവസം ആശുപത്രിയിൽ കഴിഞ്ഞ ശേഷം മാർച്ച് 23 നാണ് അദ്ദേഹം തിരിച്ചെത്തിയത്. ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ അപ്രതീക്ഷിത രാജിപ്രഖ്യാപനത്തെത്തുടർന്നാണ്, അർജന്റീനയിലെ ബ്യൂനസ് ഐറിസ് ആർച്ച് ബിഷപ്പായിരുന്ന കർദിനാൾ ജോർജ് മാരിയോ ബർഗോളിയോ 2013 മാർച്ച് 13ന് മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടത്.
മനുഷ്യത്വത്തിന്റെ മഹനീയ മാതൃക ലോകത്തിന് കാട്ടിതന്ന മഹാഇടയനായിരുന്നു ഫ്രാൻസിസ് മാർപാപ്പ. സമൂഹം മാറ്റിനിർത്തിയവരെ തനിക്കൊപ്പം ചേർത്തുനിർത്താനാണ് തന്റെ ഇടയജീവിതത്തിൽ ഉടനീളം അദ്ദേഹം ശ്രമിച്ചത്. പ്രത്യാശയുടെയും സഹനത്തിന്റെ ഉദ്ദാത്തമായ ദർശനങ്ങളാണ് അദ്ദേഹം ലോകത്തിന് കാട്ടിക്കൊടുത്തത്. വാക്കുകൾക്കപ്പുറം കരുതലും സ്‌നേഹവും പ്രവർത്തിയിലൂടെ കാടിതന്ന മഹായിടയൻ വിടവാങ്ങുമ്പോൾ, അദ്ദേഹം ബാക്കിവെച്ച ദർശനങ്ങൾ എന്നും ലോകത്തിന് വലിയൊരു പാഠപുസ്തകം തന്നെയാണ്.
ലോകസമാധാനത്തിന് വേണ്ടിയാണ് ഫ്രാൻസിസ് മാർപാപ്പ എന്നും ഉദ്‌ഘോഷിച്ചത്. ലോകത്തിന്റെ ഏതുകോണിലും ഉണ്ടാകുന്ന സംഘർഷങ്ങളിൽ അദ്ദേഹം അസ്വസ്ഥനായിരുന്നു. പരസ്പരം ക്ഷമിക്കാനും മറ്റുള്ളവർക്ക് കരുതൽ നൽകാനുമാണ് അദ്ദേഹം എന്നും പഠിപ്പിച്ചത്. ഈസ്റ്റർ ദിനത്തിലെ തന്റെ അവസാന സന്ദേശത്തിലും അദ്ദേഹം സമാധാനത്തിനുവേണ്ടിയാണ് വാദിച്ചത്.
ഈസ്റ്റർ ദിനത്തിൽ ഫ്രാൻസിസ് മാർപാപ്പ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ പ്രത്യക്ഷപ്പെട്ടത് വിശ്വാസികൾക്ക് വലിയ ആശ്വാസമായിരുന്നു. ആയിരക്കണക്കിന് വിശ്വാസികൾ ഈസ്റ്റർ ദിനത്തിൽ അദ്ദേഹത്തെ കാണാനും ആശിർവാദം സ്വീകരിക്കാനും എത്തിച്ചേർന്നിരുന്നു. ലോഗ്ഗിയ ബാൽക്കണിയിൽ വീൽചെയറിൽ ഇരുന്നുകൊണ്ട് ഈസ്റ്റർ ആശംസ നേർന്നു. പ്രിയപ്പെട്ട സഹോദരി, സഹോദരന്മാരെ ഹാപ്പി ഈസ്റ്റർ എന്നായിരുന്നു പോപ്പ് ഫ്രാൻസിസ് പറഞ്ഞത്. അദ്ദേഹത്തിന്റെ പരമ്പരാഗത ഈസ്റ്റർ സന്ദേശം വായിച്ചത് വത്തിക്കാൻ ആർച്ച് ബിഷപ്പ് ആയിരുന്നു.
മതസ്വാതന്ത്ര്യം, ചിന്താ സ്വാതന്ത്ര്യം, ആവിഷ്‌കാര സ്വാതന്ത്ര്യം, മറ്റുള്ളവരുടെ അഭിപ്രായങ്ങളോടുള്ള ബഹുമാനം എന്നിവയില്ലാതെ സമാധാനം ഉണ്ടാകില്ല എന്ന് പോപ്പ് തന്റെ ഈസ്റ്റർ സന്ദേശത്തിൽ പറഞ്ഞു. ‘ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന നിരവധി സംഘർഷങ്ങളിൽ കൊല്ലാനുള്ള ആഗ്രഹം എത്ര വലുതാണ്. ഗസ്സയിലെ സംഘർഷം മരണത്തിനും നാശത്തിനും കാരണമാവുകയും ദയനീയമായ മാനുഷിക സാഹചര്യം സൃഷ്ടിക്കുകയും ചെയ്യുന്നു- പാപ്പാ പ്രസംഗത്തിൽ പറഞ്ഞു.
ആഗോളതലത്തിൽ വളർന്നുവരുന്ന ജൂതവിരുദ്ധത ആശങ്കജനകമാണെന്ന് പോപ്പ് സന്ദേശത്തിൽ പറഞ്ഞു. എല്ലാ ഇസ്രായേലി ജനതയ്ക്കും പലസ്തീൻ ജനതയ്ക്കും വേണ്ടിയുള്ള എന്റെ സാമീപ്യം ഞാൻ പ്രകടിപ്പിക്കുന്നു .വെടിനിർത്തലിന് ആഹ്വാനം ചെയ്യുക, ബന്ദികളെ മോചിപ്പിക്കുക, സമാധാനപരമായ ഭാവി ആഗ്രഹിക്കുന്ന പട്ടിണി കിടക്കുന്ന ഒരു ജനതയെ സഹായിക്കാൻ വരിക.” എന്നും സന്ദേശത്തിൽ പോപ്പ് ഫ്രാൻസിസ് പറഞ്ഞു. യുക്രെയ്ൻ-റഷ്യ യുദ്ധത്തിൽ സമാധാനം കൈവരിക്കുന്നതിനുള്ള ശ്രമങ്ങളെ പോപ്പ് ഫ്രാൻസിസ് പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
38 ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം മാർച്ച് 23നാണ് മാർപാപ്പ വത്തിക്കാനിൽ തിരിച്ചെത്തിയത്. അതിനു ശേഷം വളരെ കുറഞ്ഞ അവസരങ്ങളിൽ മാത്രമാണ് പോപ്പ് പൊതുചടങ്ങിൽ പങ്കെടുത്തത്. ദുഃഖവെള്ളിയാഴ്ചയിലെയും വലിയ ശനിയാഴ്ചയിലെയും പ്രധാന ചടങ്ങുകളിൽ അദ്ദേഹം പങ്കെടുത്തിരുന്നില്ല.
ബെനഡിക്ട് പതിനാറാമൻ അനാരോഗ്യം മൂലം സ്ഥാനമൊഴിഞ്ഞതോടെ 2013 മാർച്ച് 13ന് ആണ് ഫ്രാൻസിസ് മാർപാപ്പ സഭയുടെ 266ാമത് പരമാധികാരിയായി നിയോഗിക്കപ്പെട്ടത്. പാവപ്പെട്ട മനുഷ്യർക്കായി ജീവിതം സമർപ്പിച്ച പുണ്യാളനായിരുന്നു അദ്ദേഹം. 76ാം വയസിൽ കത്തോലിക്കാ സഭയുടെ തലവനായി സ്ഥാനാരോഹണം ചെയ്തപ്പോൾ ഫ്രാൻസിസ് മാർപാപ്പ സ്വീകരിച്ചത് അസീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ നാമമാണ്. കത്തോലിക്കാ സഭയുടെ 266–ാമത്തെ മാർപാപ്പയും ഫ്രാൻസിസ് എന്ന പേരു സ്വീകരിച്ച ആദ്യ മാർപാപ്പയുമാണ് അദ്ദേഹം. ഈശോസഭയിൽ (ജെസ്യൂട്ട്) നിന്നും ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽനിന്നുമുള്ള ആദ്യത്തെ മാർപാപ്പയുമായിരുന്നു. 731–741 കാലഘട്ടത്തിലെ, സിറിയയിൽ നിന്നുള്ള ഗ്രിഗറി മൂന്നാമനു ശേഷം യൂറോപ്പിനു പുറത്തുനിന്നുളള മാർപാപ്പയും അദ്ദേഹമാണ്
സഭയ്ക്കുള്ളിലും പുറത്തും നവീകരണത്തിന്റെ വക്താവായിരുന്നു ഫ്രാൻസിസ് മാർപാപ്പ. മുൻഗാമികളിൽ നിന്ന് വ്യത്യസ്തമായി ട്രാൻസ്‌ജെൻഡർ, സ്വവർഗ വിവാഹ വിഷയങ്ങളിൽ കൂടുതൽ സഹാനുഭൂതിയുള്ള നിലപാട് സ്വീകരിച്ച വ്യക്തിയാണ് ഫ്രാൻസിസ് മാർപാപ്പ. സ്വവർഗരതിക്കാരായ മക്കളുള്ള മാതാപിതാക്കൾ വിഷമിക്കരുതെന്നും അവരെ പിന്തുണയ്ക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. അവർക്ക് കുടുംബത്തിനിടയിൽ അംഗീകരിക്കപ്പെടാൻ അവകാശമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭീകരതയും അഭയാർഥി പ്രശ്നവും മുതൽ ആഗോളതാപനം വരെയുള്ള കാര്യങ്ങളിൽ അദ്ദേഹത്തിന്റെ നിലപാടുകൾക്ക് ലോകം കാതോർത്തിരുന്നു. ലോകരാഷ്ട്രീയത്തിൽ അദ്ദേഹം നിർണായകമായ ഇടപെടലുകൾ നടത്തി. ക്യൂബയും അമേരിക്കയും തമ്മിലുള്ള ശീതയുദ്ധത്തിന് അയവുവരുത്തുന്നതിൽ പങ്കുവഹിച്ചു. അഭയാർഥികളോടു മുഖം തിരിക്കാനുള്ള യൂറോപ്പിന്റെ പ്രവണതയെ രൂക്ഷമായി വിമർശിച്ചു. ബാലപീഡനത്തിനെതിരെ അതിശക്തമായ നിലപാടെടുത്തു. ബാലപീഡനം, ലൈംഗിക കുറ്റകൃത്യങ്ങൾ എന്നിവയിൽ ഉൾപ്പെട്ട വൈദികർക്കും മെത്രാന്മാർക്കുമെതിരെ അച്ചടക്ക നടപടിയെടുത്തു. സഭാഭരണത്തിൽ വനിതകൾക്കു പ്രാതിനിധ്യം നൽകുന്നതിലും ഭിന്നലൈംഗികവിഭാഗങ്ങളുടെ അവകാശങ്ങൾ അംഗീകരിക്കുന്നതിനും മുൻകൈയെടുത്തു. വധശിക്ഷ ഒഴിവാക്കണമെന്ന് ആഹ്വാനം ചെയ്തു.
1936 ഡിസംബർ 17ന് അർജന്റീനയിൽ ബ്യൂണസ് ഐറിസിലെ ഫ്‌ളോർസിൽ മാരിയോ ജോസ് ബെർഗോളിയോയുടെയും റെജീന മരിയ സിവോരിയുടെയും അഞ്ച് മക്കളിൽ മൂത്ത മകനായിട്ടായിരുന്നു മാർപാപ്പയുടെ ജനനം. റെയിൽവേയിൽ അക്കൗണ്ടന്റായ മാരിയോയുടെയും വീട്ടമ്മയായ റെജീനയുടെയും വേരുകൾ ഇറ്റലിയിലാണ്. മാരിയോയുടെ കുടുംബം 1929ൽ ബെനിറ്റോ മുസോളിനിയുടെ ഫാസിസ്റ്റ് ഭരണത്തിൽ നിന്ന് രക്ഷപ്പെട്ട് അർജന്റീനയിലെത്തിയതാണ്.
റോമൻ കത്തോലിക്കാ സഭയുടെ ആദ്യത്തെ ലാറ്റിൻ അമേരിക്കൻ നേതാവ് തുടർച്ചയായ മൂന്നാം വർഷവും വാർഷിക ദുഃഖവെള്ളി ഘോഷയാത്രയിൽ പങ്കെടുത്തിരുന്നില്ല. ഞായറാഴ്ച രാവിലെ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസുമായുള്ള ഒരു സ്വകാര്യ കൂടിക്കാഴ്ചയിൽ പോപ്പ് അൽപ സമയം ചിലവഴിച്ചു. ഡോക്ടർമാർ ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിശ്രമം നിർദ്ദേശിച്ചിട്ടും, ഇരട്ട ന്യുമോണിയ ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനുശേഷം ആദ്യമായി ഈസ്റ്റർ ഞായറാഴ്ച പോപ്പ് സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ 35,000 പേരടങ്ങുന്ന ജനക്കൂട്ടത്തെ അദ്ദേഹം അഭിവാദ്യം ചെയ്തു, അവിടെ അദ്ദേഹം തന്റെ പോപ്പ് വാഹനത്തിൽ നിന്ന് തീർത്ഥാടകരെ അനുഗ്രഹിക്കുകയും കൈവീശുകയും ചെയ്തു.
ഇരട്ട ന്യുമോണിയയിൽ നിന്ന് സുഖം പ്രാപിച്ചുകൊണ്ടിരുന്ന 88 കാരനായ ഫ്രാൻസിസ് മാർപാപ്പ കാസ സാന്താ മാർട്ടയിലെ വസതിയിൽ വച്ച് അന്തരിച്ചതായി വത്തിക്കാൻ തിങ്കളാഴ്ച ഒരു വീഡിയോ പ്രസ്താവനയിൽ അറിയിച്ചു. റോമൻ കത്തോലിക്കാ സഭയുടെ ആദ്യത്തെ ലാറ്റിൻ അമേരിക്കൻ അദ്ധ്യക്ഷനാണ് ഫ്രാൻസിസ് മാർപാപ്പ. വത്തിക്കാനിലെ വസതിയിൽ പ്രാദേശിക സമയം പുലർച്ചെ 7:35 നായിരുന്നു അന്ത്യം. വീഡിയോ പ്രസ്താവനയിലൂടെ വത്തിക്കാനാണ് ഇക്കാര്യം അറിയിച്ചത്.
ബെനഡിക്ട് പതിനാറാമൻ അനാരോഗ്യം മൂലം സ്ഥാനമൊഴിഞ്ഞതോടെ 2013 മാർച്ച് 13ന് ആണ് ഫ്രാൻസിസ് മാർപാപ്പ സഭയുടെ 266ാമത് പരമാധികാരിയായി നിയോഗിക്കപ്പെട്ടത്. പാവപ്പെട്ട മനുഷ്യർക്കായി ജീവിതം സമർപ്പിച്ച പുണ്യാളനായിരുന്നു അദ്ദേഹം. 76ാം വയസിൽ കത്തോലിക്കാ സഭയുടെ തലവനായി സ്ഥാനാരോഹണം ചെയ്തപ്പോൾ ഫ്രാൻസിസ് മാർപാപ്പ സ്വീകരിച്ചത് അസീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ നാമമാണ്.
1936 ഡിസംബർ 17ൽ അർജന്റീനയിൽ ബ്യൂണസ് ഐറിസിൽ ജനിച്ച ജോർജ് മാരിയോ ബർഗോളിയോയുടെ പിതാവ് ഇറ്റലിക്കാരനായിരുന്നു. മുസോളിനിയുടെ ഭരണകൂടത്തെ ഭയന്ന് അർജന്റീനയിലേക്കു കുടിയേറിയതായിരുന്നു അദ്ദേഹം. അവിടെ റയിൽവേ ജീവനക്കാരനായി. അദ്ദേഹത്തിന്റെ അഞ്ചു മക്കളിൽ ഒരാളാണ് ജോർജ് മാരിയോ. രസതന്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ ജോർജ് മാരിയോ ബർഗോളിയോ 1969 ഡിസംബർ 13ന് ജെസ്യൂട്ട് വൈദികനായി. 1973 മുതൽ 1979 വരെ അർജന്റീനൻ സഭയുടെ പ്രൊവീൻഷ്യാളായിരുന്നു. 1980ൽ സാൻ മിഗ്വൽ സെമിനാരി റെക്‌ടറായി. 1992ൽ ബ്യൂണസ് ഐറിസിന്റെ സഹായമെത്രാനായി. 1998ൽ ബ്യൂണസ് ഐറിസ് ആർച്ച് ബിഷപ്പായി. ബിഷപ്പായിരിക്കെ ആഡംബരപൂർണമായ വസതി ഉപേക്ഷിച്ച് ചെറിയ വീട്ടിലായിരുന്നു താമസം, സ്വന്തമായി ഭക്ഷണം പാകം ചെയ്‌തു. ഔദ്യോഗിക വാഹനം ഉപയോഗിക്കാതെ പൊതുഗതാഗത സംവിധാനത്തിലായിരുന്നു യാത്ര.
2001ൽ കർദിനാളായി. വത്തിക്കാൻ ഭരണകൂടമായ റോമൻ കൂരിയായയുടെ വിവിധ ഭരണ പദവികളിൽ സേവനമനുഷ്‌ഠിച്ചു. 2005ൽ അർജന്റീനയിലെ എപ്പിസ്‌കോപ്പൽ കോൺഫറൻസിന്റെ അധ്യക്ഷനായി. മൂന്നു വർഷത്തിനു ശേഷം ഇതേ പദവിയിൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹത്തിന്റെ നേതൃപാടവത്തിനുള്ള അംഗീകാരമായിരുന്നു അത്. 2013ൽ മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടു. അപ്പോഴും ലളിതജീവിതം പിന്തുടർന്ന അദ്ദേഹം വത്തിക്കാൻ പാലസ് ഉപേക്ഷിച്ച് അതിഥിമന്ദിരത്തിലായിരുന്നു താമസം.