ദളിത് സ്ത്രീയെ മോഷണക്കുറ്റം ചുമത്തി കസ്റ്റഡിയിൽ പീഡിപ്പിച്ചുവെന്ന പരാതിയിൽ കൂടുതൽ നടപടി. എ.എസ്.ഐ പ്രസന്നനെ സസ്പെൻഡ് ചെയ്തു. കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയെന്ന് കണ്ടെതിയതിന് പിന്നാലെയാണ് നടപടി. സംഭവത്തിൽ എസ്ഐക്ക് പുറമേ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് കൂടി വീഴ്ച സംഭവിച്ചെന്നാണ് അസിസ്റ്റന്‍റ് കമ്മിഷണറുടെ അന്വേഷണത്തിലുള്ള കണ്ടെത്തൽ. ചുള്ളിമാനൂർ സ്വദേശി ബിന്ദുവിനെ കസ്റ്റഡിയിൽ എടുക്കുന്ന ദിവസം ജിഡി ഇൻചാർജ് ആയിരുന്നു പ്രസന്നൻ. ഉദ്യോഗസ്ഥൻ അമിതാധികാരപ്രയോഗം നടത്തി, മോശം വാക്കുകൾ ഉപയോഗിച്ചു എന്നിവ കണ്ടെത്തിയിരുന്നു. നേരത്തെ സ്റ്റേഷൻ ചാർജ് ഉണ്ടായിരുന്ന എസ് ഐ പ്രസാദിനെ സസ്പെൻഡ് ചെയ്തിരുന്നു. ബിന്ദുവിനെ കൂടുതൽ ഭീഷണിപ്പെടുത്തിയത് എ.എസ്.ഐ പ്രസന്നനാണ്. സംഭവത്തിൽ കൂടുതൽ പൊലീസുകാർക്ക് വീഴ്ചയുണ്ടോയെന്ന് പരിശോധിക്കാൻ നിർദേശം നൽകി.
സംഭവത്തിൽ പൊലീസിനോട് വനിതാ കമ്മിഷൻ അടിയന്തര റിപ്പോർട്ട് തേടിയിരുന്നു. കള്ള പരാതി കൊടുക്കാൻ ഉണ്ടായ സാഹചര്യം പരിശോധിക്കണമെന്നും വനിതാ കമ്മിഷൻ അധ്യക്ഷ പി സതീദേവി പറഞ്ഞു. ക്രൂരമായി പെരുമാറിയ പ്രസന്നൻ എന്ന പൊലീസുകാരനെതിരെയും നടപടി വേണമന്ന് ബിന്ദു ആവശ്യപ്പെട്ടിരുന്നു. വ്യാജ പരാതി നൽകിയ ഓമന ഡാനിയേലിനെതിരെ മാനനഷ്ട പരാതി നൽകാനാണ് ബിന്ദുവിന്റെ തീരുമാനം.
വീട്ടുജോലിക്കാരിയായ ആർ ബിന്ദു അടുത്തിടെ മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും സംസ്ഥാന എസ്‌സി/എസ്ടി കമ്മീഷനും പീഡനത്തെക്കുറിച്ച് പരാതി നൽകിയതിനെ തുടർന്നാണ് പേരൂർക്കട എസ്‌ഐ പ്രസാദിനെതിരെ നടപടി.
ഏപ്രിൽ 23 ന് തിരുവനന്തപുരത്ത് സ്വര്‍ണ മാല മോഷ്ടിച്ചെന്നാരോപിച്ച് വീട്ടുടമ നല്‍കിയ പരാതിയിലാണ് പൊലീസ് ദളിത് യുവതിയെ കസ്റ്റഡിയിലെടുത്ത് മാനസികമായി പീഡിപ്പിച്ചത്. ബിന്ദുവിൻ്റെ തൊഴിലുടമയുടെ 2.5 പവൻ സ്വർണം (ഏകദേശം 1.6 ലക്ഷം രൂപ വിലമതിക്കുന്ന) നഷ്ടപ്പെട്ടതായി പരാതിപ്പെട്ടതിനെ തുടർന്ന് ബിന്ദുവിനെ പേരൂർക്കട പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. 20 മണിക്കൂര്‍ പൊലീസ് സ്റ്റേഷനില്‍ നിര്‍ത്തിയെന്നും കുടിവെള്ളം പോലും നല്‍കിയില്ലെന്നുമാണ് യുവതിയുടെ ആരോപണം. കുറ്റം സമ്മതിച്ചില്ലെങ്കില്‍ കുടുംബം മുഴുവന്‍ അകത്താകും എന്ന് ഉൾപ്പെടെ ഭീഷണിയുണ്ടായിരുന്നു. പെൺമക്കളെ രണ്ട് പേരെയും കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി. ശാരീരികമായി ഉപദ്രവിച്ചില്ലെങ്കിലും പലപ്രാവശ്യം തല്ലാന്‍ കൈ ഓങ്ങിയിരുന്നുവെന്ന് ബിന്ദു പറഞ്ഞിരുന്നു. ദേഹപരിശോധനയിലും ബാഗും പരിശോധിച്ചപ്പോഴും ഒന്നും ലഭിച്ചില്ലെങ്കിലും അവർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. തൊഴിലുടമയുടെ വീട്ടിൽ നിന്ന് സ്വർണം കണ്ടെടുത്തതിനുശേഷവും പോലീസ് തന്നോട് മോശമായി പെരുമാറിയെന്നും അവർ കൂട്ടിച്ചേർത്തു.
കവടിയാർ ഭാഗത്ത് ഇനി കാണരുതെന്നും നാട് വിട്ടു പോകണമെന്നും ആയിരുന്നു എസ് ഐ പ്രസാദിന്റെ ഭീഷണി. കുടുംബത്തിന് ഇത്ര വലിയ അപമാനം മുൻപ് ഉണ്ടായിട്ടില്ലെന്ന് ബിന്ദൂവിന്റെ ഭർത്താവ് മാധ്യമങ്ങളോട് പറഞ്ഞു. ബിന്ദുവിനെ കാണാൻ പോയപ്പോഴും പൊലീസുകാർ അപമാനിച്ചു. ആഹാരം കൊടുക്കാനോ കാണാനോ അനുവദിച്ചില്ലെന്നും ഭർത്താവ് പറഞ്ഞു.