പുതിയ സ്ഥലങ്ങൾ സന്ദർശിക്കാനും പുതിയ വസ്ത്രങ്ങൾ ധരിക്കാനും പ്രധാനമന്ത്രിക്ക് സമയമുള്ളപ്പോൾ മണിപ്പൂർ സന്ദർശിക്കാൻ മാത്രം പ്രധാനമന്ത്രിയ്ക്ക് സമയമില്ലെന്ന് വിമർശിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സമീപകാലത്തെ ലക്ഷദ്വീപ് സന്ദർശനത്തെ വിമർശിച്ചാണ് മല്ലികാർജുൻ ഖാർഗെ രംഗത്തെത്തിയത്. വാർത്താ സമ്മേളനത്തിലായിരുന്നു ഖാർഗെയുടെ വിമർശനം. “ചിത്രങ്ങൾക്ക് പോസ് ചെയ്യാനും, പുതുവസ്ത്രം ധരിക്കാനും, നീന്താനും” പ്രധാനമന്ത്രിയ്ക്ക് സമയമുണ്ട്. എന്നാൽ സംഘർഷഭരിതമായ വടക്കുകിഴക്കൻ സംസ്ഥാനമായ മണിപ്പൂർ സന്ദർശിക്കാൻ സമയമില്ല.” – ഖാർഗെ പറഞ്ഞു. പ്രധാനമന്ത്രി മന്ദിർ ഉദ്ഘാടനത്തിന്റെ തിരക്കിലാണെന്നും മണിപ്പൂരിൽ നടക്കുന്ന ആക്രമണങ്ങൾ അദ്ദേഹം ശ്രദ്ധിക്കുന്നില്ലെന്നും ഖാർഗെ കുറ്റപ്പെടുത്തി.
മണിപ്പൂരിൽ നിർഭാഗ്യകരമായ ഒരു സംഭവമുണ്ടായി, പ്രധാനമന്ത്രി മോദി ബീച്ചിൽ പോയി, ഫോട്ടോ ഷൂട്ട് നടത്തുന്നു. ക്ഷേത്ര നിർമ്മാണം നടക്കുന്ന സ്ഥലത്ത് ഫോട്ടോകൾക്കായി പോയി അല്ലെങ്കിൽ കേരളത്തിലേക്കും മുംബൈയിലേക്കും പോയി ഫോട്ടോ എടുക്കുന്നു. അദ്ദേഹം എല്ലായിടത്തും പോകുന്നു, നിങ്ങൾക്ക് എല്ലായിടത്തും അദ്ദേഹത്തിന്റെ ഫോട്ടോകൾ കാണാം.. പക്ഷേ ഈ മഹാൻ എന്തുകൊണ്ടാണ് മണിപ്പൂരിലേക്ക് പോകാത്തത്” ഖാർഗെ പത്രസമ്മേളനത്തിൽ പറഞ്ഞു.
2023 മെയ് മുതൽ മണിപ്പൂരിൽ കുക്കി, മെയ്തേയ് സമുദായങ്ങൾ തമ്മിലുള്ള സംഘർഷം ആരംഭിച്ചതാണ്. ഈ സംഘർഷത്തിൽ 180-ലധികം ആളുകൾ കൊല്ലപ്പെടുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കഴിഞ്ഞ വർഷം മെയ് മുതൽ വടക്കുകിഴക്കൻ സംസ്ഥാനത്ത് നിരവധി ലൈംഗികാതിക്രമ കേസുകളും ഹീനമായ കുറ്റകൃത്യങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും ഖാർഗെ പറഞ്ഞു.