പാലക്കാട് മണ്ണാർക്കാട് കല്ലടിക്കോട്ട് പനയമ്പാടത്ത് സ്കൂൾ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ലോറി ഇടിച്ചുകയറി 4 കുട്ടികൾ മരിച്ചു. ഒരു വിദ്യാർത്ഥിയ്ക്ക് പരിക്ക്. ഈ കുട്ടിയുടെ നില അതീവഗുരുതരമെന്നാണ് വിവരം. കരിമ്പ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ 8-ാം ക്ലാസ് വിദ്യാർത്ഥികളാണ് മരിച്ചത്. കൊല്ലപ്പെട്ട 4 പേരും പെൺകുട്ടികളാണ്. ഇർഫാന, മിത, റിദ, ആയിഷ എന്നിവരാണ് മരിച്ചത്. മരിച്ച നാലുപേരും 8-ാം ക്ലാസ് വിദ്യാർത്ഥിനികളാണ്. 5 പെണ്‍കുട്ടികളാണ് അപകടത്തിൽ പെട്ടത്. ഇതിൽ 4 പേരും മരിച്ചു. റോഡിലൂടെ നടക്കുകയായിരുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് ഇടയിലേക്കാണ് ലോറി പാഞ്ഞുകയറിയത്. ഇന്ന് വൈകിട്ട് നാലോടെയാണ് അപകടമുണ്ടായത്. സിമൻ്റ് ലോറിക്കടിയിൽ 5 കുട്ടികൾ ഉണ്ടായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞതിനെ തുടർന്ന് ലോറി ക്രയിൻ ഉപയോഗിച്ച് പൂർണമായും ഉയർത്തുകയായിരുന്നു.
മരിച്ച 4 പെണ്‍കുട്ടികളുടെ മൃതദേഹങ്ങളും ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ രണ്ട് ലോറി ഡ്രൈവർമാരും മദർ കെയർ ആശുപതിയിലുണ്ട്. എന്നാൽ ഇവരുടെ പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം. അപകട വിവരം അറിഞ്ഞ് കുട്ടികളുടെ മാതാപിതാക്കൾ ആശുപത്രിയിലേക്ക് എത്തിയിട്ടുണ്ട്. അപകടം നടന്നയുടനെ തന്നെ നാട്ടുകാർ ഉൾപ്പെടെ ചേർന്ന് വിദ്യാർത്ഥികളെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. നിയന്ത്രണം വിട്ടെത്തിയ ലോറി വിദ്യാർത്ഥികളുടെ മുകളിലേക്ക് പാഞ്ഞുകയറുകയായിരുന്നുവെന്ന് ദൃക്സാക്ഷികളായ നാട്ടുകാർ പറയുന്നു. അപകടത്തിൽ പരിക്കേറ്റ് ആരോഗ്യനില ഗുരുതരമായ വിദ്യാർത്ഥികളാണ് മരണത്തിന് കീഴടങ്ങിയത്. കരിമ്പ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്. സ്കൂളിന് സമീപത്ത് വെച്ചാണ് ദാരുണാപകടം ഉണ്ടായത്. സിമൻറ് ലോഡ് കയറ്റി വന്ന ലോറി വിദ്യാർത്ഥികളെ ഇടിച്ചുകയറിയശേഷം റോഡിന് സമീപത്തെ താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടത്തെ തുടർന്ന് ദേശീയ പാതയിൽ വലിയ ഗതാഗതക്കുരുക്കാണ് രൂപപ്പെട്ടത്.
മൂന്ന് കുട്ടികളുടെ മൃതദേഹം തച്ചമ്പാറ ഇസാഫ് ആശുപത്രിയിലും ഒരു കുട്ടിയുടെ മൃതദേഹം മണ്ണാർക്കാട് മദർ കെയർ ആശുപത്രിയിലും സൂക്ഷിപ്പിരിക്കുകയാണ്. കുട്ടികളെ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചു എന്നാണ് വിവരങ്ങൾ ലഭിക്കുന്നത്. നാട്ടുകാരാണ് വിദ്യാര്‍ത്ഥികളെ ആദ്യം രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്. പിന്നീട് പൊലീസും സ്ഥലത്തെത്തി.നിയന്ത്രണം വിട്ടെത്തിയ ലോറി വിദ്യാർത്ഥികൾക്ക് നേരെ പാഞ്ഞുകയറുകയായിരുന്നുവെന്ന് ദൃക്സാക്ഷികളായ നാട്ടുകാര്‍ പറഞ്ഞു. റോഡിൽ നിന്നും ലോറി നീക്കം ചെയ്തു.
സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി. സ്ഥിരം അപകടമുണ്ടാവുന്ന പനയമ്പാടത്താണ് ഇന്നും അപകടമുണ്ടായത്. അധികൃതരോട് നിരവധി തവണ പരാതി അറിയിച്ചിട്ടും നടപടിയുണ്ടാവാത്ത സാഹചര്യത്തിലാണ് നാട്ടുകാർ പ്രതിഷേധിക്കുന്നത്. തുടർ അപകടങ്ങൾക്ക് പരിഹാരം വേണമെന്ന് പറഞ്ഞ് നാട്ടുകാർ സ്ഥലത്ത് കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. എന്നാൽ പരിഹാരം നൽകാമെന്ന പൊലീസിൻ്റെ വാക്കുകളൊന്നും നാട്ടുകാർ മുഖവിലക്കെടുക്കാതെ പ്രതിഷേധം തുടരുകയാണ്. ജനപ്രതിനിധികൾ എത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥലത്തെത്തിയിട്ടുണ്ട്. നാട്ടുകാരുമായി സംസാരിക്കാൻ ശ്രമിച്ചെങ്കിലും വൻ ജനരോഷമുയർന്നതിനാൽ കഴിഞ്ഞില്ല. നിലവിൽ എംഎൽഎ സ്ഥലത്ത് തുടരുകയാണ്.