സജി ചെറിയാന്റെ സത്യപ്രതിജ്ഞയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിലപാട് ഇന്ന് വ്യക്തമാക്കും . ഗവർണർ ഇന്ന് സംസ്ഥാനത്ത് തിരിച്ചെത്തുന്ന സാഹചര്യത്തിലാണ് നിർണായക തീരുമാനം പ്രതീക്ഷിക്കുന്നത്. വൈകുന്നേരം തലസ്ഥാനത്ത് തിരിച്ചെത്തുന്ന ഗവർണർ തീരുമാനം സർക്കാരിനെ അറിയിച്ചേക്കും. ഗവർണറുടെ നിലപാട് സജി ചെറിയാന് അനുകൂലമാകുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.
സജി ചെറിയാന്റെ സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ട് ഗവർണർക്ക് കഴിഞ്ഞ ദിവസം നിയമപദേശം ലഭിച്ചിരുന്നു. മുഖ്യമന്ത്രി നൽകുന്ന ശുപാർശ തള്ളിക്കളയാൻ ആകില്ലെന്നും സത്യപ്രതിജ്ഞ ഒരുക്കേണ്ടത് ഗവർണറുടെ ഉത്തരവാദിത്വം ആണെന്നും ആണ് ഗവർണർക്ക് ലഭിച്ചിട്ടുള്ള നിയമോപദേശം. ആവശ്യമെങ്കിൽ ഗവർണർക്ക് കൂടുതൽ വ്യക്തത തേടാമെന്നും നിയമപദേശത്തിൽ ഉണ്ട്. ഗവർണർ പച്ചക്കൊടി കാണിച്ചു കഴിഞ്ഞാൽ ജനുവരി നാലിന് തന്നെ സജി ചെറിയാന്റെ സത്യപ്രതിജ്ഞ നടക്കും. ഗവർണർ തിരികെ ആറാം തീയതി മടങ്ങിപ്പോകുന്നതിനാലാണ് നാലാം തീയതി സത്യപ്രതിജ്ഞയ്ക്കായി സർക്കാർ തെരഞ്ഞെടുത്തത്. ഇന്ന് വൈകുന്നേരം ഗവർണർ നിയമപദേശം പരിശോധിച്ച ശേഷം തീരുമാനം സർക്കാരിനെ അറിയിക്കും.
അതേസമയം, സജി ചെറിയാനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നതിന് മറ്റ് നിയമ തടസങ്ങളില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റാണ് സജി ചെറിയാനെ മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെടുക്കാന്‍ തീരുമാനിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ ഇക്കാര്യം അറിയിച്ചിരുന്നു.