ഹരിയാനയിലെ നുഹില്‍ അടുത്തിടെ നടന്ന അക്രമങ്ങളെക്കുറിച്ചുള്ള വിവരം യഥാസമയം ഉന്നത ഉദ്യോഗസ്ഥരുമായി പങ്കുവെച്ചിരുന്നുവെന്ന സിഐഡി ഇന്‍സ്‌പെക്ടറുടെ വാദത്തില്‍ അന്വേഷണത്തിനുത്തരവിട്ട് ഹരിയാന ആഭ്യന്തര മന്ത്രി അനില്‍ വിജ്. താൻ എസിഎസിനോടും ഡിജിപിയോടും ചോദിച്ചു, അവര്‍ക്കും ഇത് സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചില്ലെന്നാണ് പറയുന്നത്. ഇപ്പോള്‍, ഒരു സിഐഡി ഇന്‍സ്പെക്ടര്‍ തനിക്ക് എല്ലാം നേരത്തെ അറിയാമായിരുന്നുവെന്ന് അവകാശപ്പെടുന്ന ഒരു വീഡിയോ വൈറലാകുകയാണ്. അങ്ങനെ അറിയാമായിരുന്നെങ്കില്‍ അദ്ദേഹം ആരെയാണ് ഇത് അറിയിച്ചത്?’ മന്ത്രി ചോദിച്ചു. ഇരു സമുദായങ്ങളും വളരെക്കാലമായി സമാധാനപരമായാണ് നുഹില്‍ താമസിക്കുന്നതെന്നും സംസ്ഥാനത്തെ വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും മന്ത്രി സൂചന നല്‍കി.
അതിനിടെ ഹരിയാനയിലെ വർഗീയ സംഘർഷങ്ങളുടെ കേന്ദ്രമായി പ്രവർത്തിച്ച നുഹിലെ അനധികൃത നിർമ്മാണങ്ങൾ പൊളിച്ചു നീക്കി സർക്കാർ. നുഹിന്റെ എസ്‌കെഎം ഗവൺമെന്റ് മെഡിക്കൽ കോളേജിന് സമീപമുള്ള കെട്ടിടങ്ങളും കുടിലുകളുമാണ് പൊളിച്ചു നീക്കിയത്. ജൂലൈ 31ന് പ്രദേശത്ത് നടന്ന കലാപത്തിൽ ഉൾപ്പെട്ടവരാണ് ഈ സ്ഥാപനങ്ങളിലെ താമസക്കാരെന്ന് പോലീസ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം പ്രദേശത്ത് അനധികൃത കുടിയേറ്റക്കാരുടെ കൈയേറ്റം നശിപ്പിച്ചിരുന്നു. ഹരിയാന അർബൻ ഡെവലപ്‌മെന്റ് അതോറിറ്റിയാണ് പൊളിച്ചു നീക്കൽ നടത്തിയത്. നൽഹാർ ക്ഷേത്രത്തിലേക്കുള്ള വഴിയിൽ ആശുപത്രിക്ക് മുന്നിലെ അനധികൃത കൈയേറ്റങ്ങളും അധികൃതർ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചു നീക്കിയിരുന്നു.
ജൂലൈ 31 ന് വിശ്വഹിന്ദു പരിഷത്ത് നടത്തിയ ഘോഷയാത്രയിലുണ്ടായ കല്ലേറും അക്രമവുമാണ് ഹരിയാനയില്‍ സംഘര്‍ഷത്തിലേക്ക് നയിച്ചത്. അക്രമത്തില്‍ രണ്ട് ഹോം ഗാര്‍ഡുകളുള്‍പ്പെടെ ആറ് പേര്‍ കൊല്ലപ്പെട്ടു . സംസ്ഥാനത്തെ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ച നടപടി ഹരിയാന സര്‍ക്കാര്‍ ഓഗസ്റ്റ് 8 വരെ നീട്ടി. പല്‍വാളില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കുള്ള നിരോധനം ഓഗസ്റ്റ് 7 വരെ നീട്ടിയതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. വര്‍ഗീയ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് 216 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും 104 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു
മുസ്ലീം ആധിപത്യ പ്രദേശമായ നുഹിലെ നല്‍ഹാര്‍ ക്ഷേത്രത്തിന് സമീപം വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) നടത്തിയ ഘോഷയാത്രയ്ക്കിടെയാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. അക്രമം വൈകാതെ ഗുരുഗ്രാമിലേക്കും സംസ്ഥാനത്തെ മറ്റ് ജില്ലകളിലേക്കും വ്യാപിക്കുകയും രണ്ട് ഹോംഗാര്‍ഡുകളും ഒരു ഇമാമും ഉള്‍പ്പെടെ ആറ് പേര്‍ സംഘര്‍ഷത്തില്‍ കൊല്ലപ്പെടുകയും ചെയ്തു. തുടര്‍ന്നാണ് സര്‍വീസുകള്‍ക്ക് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയത്.