ചാമ്പ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ത്യ ജേതാക്കളായതിന് പിന്നാലെ ഏകദിന ക്രിക്കറ്റിൽ നിന്ന് ഉടനെ വിരമിക്കില്ലെന്ന് വ്യക്തമാക്കി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ. മത്സരശേഷമുള്ള വാർത്താസമ്മേളനത്തിലായിരുന്നു ഇന്ത്യൻ ക്യാപ്റ്റന്റെ പ്രതികരണം.
‘ഇന്ത്യൻ ടീമിൽ കളിക്കാൻ ഒരുപാട് താരങ്ങൾക്ക് വലിയ ആഗ്രഹമുണ്ട്. അതിൽ ഒരുപാട് ക്രിക്കറ്റ് കളിച്ചിട്ടുള്ള സീനിയർ താരങ്ങളും ഉൾപ്പെടുന്നു. ക്രിക്കറ്റിനോടുള്ള മുതിർന്ന താരങ്ങളുടെ ആവേശം യുവതാരങ്ങൾക്കും പകർന്ന് കിട്ടുന്നു. എങ്കിലും ഇന്ത്യൻ ടീമിൽ അഞ്ചോ ആറോ മികച്ച താരങ്ങൾ സ്ഥിരമായി ഉണ്ടാകും. അത് ഇന്ത്യൻ ടീം മാനേജ്മെന്റിന് ജോലി എളുപ്പമാക്കുന്നു. ഇപ്പോൾ ഭാവിയെക്കുറിച്ച് പദ്ധതികളൊന്നുമില്ല. ഇപ്പോൾ എന്ത് ചെയ്യുന്നുവോ, അത് തന്നെ ഇനിയും തുടരും.’ രോഹിത് ശർമ പ്രതികരിച്ചു.
ചാമ്പ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റ് ഫൈനലിൽ ന്യൂസിലൻഡിനെ നാല് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് നിശ്ചിത 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 251 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 49 ഓവറിൽ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.