ഭീകരവാദികളെ സഹായിച്ചു എന്ന പാകിസ്ഥാന്റെ കുറ്റസമ്മതത്തിൽ അതിശയമില്ലെന്ന് ഇന്ത്യ യുഎന്നിൽ പറഞ്ഞു. ഇന്ത്യയുടെ യുദ്ധ പദ്ധതി ചോർന്നെന്ന പാക് ആരോപണവും തള്ളി. ഇന്ത്യയെ “അതിർത്തി കടന്നുള്ള ഭീകരതയുടെ ഇര” എന്ന് വിശേഷിപ്പിച്ച പ്രതിനിധി അംബാസഡർ യോജ്‌ന പട്ടേൽ, തീവ്രവാദ ഗ്രൂപ്പുകളെ പിന്തുണയ്ക്കുന്ന പാകിസ്ഥാന്റെ ചരിത്രത്തെക്കുറിച്ച് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫിന്റെ “തുറന്ന കുറ്റസമ്മതം” ചൂണ്ടിക്കാട്ടി. തെമ്മാടി രാജ്യം എന്നാണ് യോജ്‌ന പട്ടേൽ പാകിസ്ഥാനെ വിശേഷിപ്പിച്ചത്.
“ഭീകര സംഘടനകളെ പിന്തുണയ്ക്കുകയും പരിശീലിപ്പിക്കുകയും ധനസഹായം നൽകുകയും ചെയ്തതിന്റെ ചരിത്രം പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് സമ്മതിക്കുകയും ചെയ്യുന്നത് ലോകം മുഴുവൻ കേട്ടു ,” അടുത്തിടെ ഒരു ടെലിവിഷൻ അഭിമുഖത്തെ പരാമർശിച്ചുകൊണ്ട് പ്രതിനിധി പറഞ്ഞു. “ഈ തുറന്ന കുറ്റസമ്മതം ആരെയും അത്ഭുതപ്പെടുത്തുന്നില്ല, ആഗോള ഭീകരതയ്ക്ക് ഇന്ധനം നൽകുകയും മേഖലയെ അസ്ഥിരപ്പെടുത്തുകയും ചെയ്യുന്ന ഒരു തെമ്മാടി രാഷ്ട്രമായി പാകിസ്ഥാനെ തുറന്നുകാട്ടുന്നു,” ഇന്ത്യയുടെ മറുപടി അവകാശം വിനിയോഗിച്ചുകൊണ്ട് പട്ടേൽ പറഞ്ഞു.
അതേസമയം പാകിസ്ഥാന്റെ പ്രസ്താവനകൾ ഭയത്തിന്റെ സൂചനയെന്ന് കേന്ദ്രം. ആണവ ഭീഷണി മുഴക്കിയാലൊന്നും പാകിസ്ഥാന് തിരിച്ചടി ഒഴിവാക്കാനാവില്ലെന്ന് സർക്കാർ വൃത്തങ്ങൾ. ഇന്ത്യയുമായുള്ള തർക്കം നയതന്ത്ര ചർച്ചയിലൂടെ തീർക്കണം എന്ന് നവാസ് ഷെരീഫ് സർക്കാരിന് നിർദ്ദേശം നൽകിയെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇതിനിടെ, പഹൽഗാം അക്രമണത്തിന്റെ പശ്ചാത്തലത്തിൽ കശ്മീരിനു പുറത്തു നിന്നുള്ളവരുടെ സുരക്ഷ ഉറപ്പാക്കാൻ നിർദ്ദേശം. കാശ്മീർ പൊലീസിനും ഇന്റലിജൻസ് ഏജൻസുകൾക്കുമാണ് നിർദ്ദേശം ലഭിച്ചത്. സംസ്ഥാനത്തിന് പുറത്തുനിന്നുള്ളവർക്ക് നേരെ ആക്രമണ സാധ്യതയെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ ആണിത്. തെക്കൻ കാശ്മീരിലെ മലയോര വിനോദസഞ്ചാരകേന്ദ്രങ്ങൾ അടച്ചിട്ടതും ഈ റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ്. കശ്മീരിന് പുറത്തുള്ളവരാണ് ഇവിടെ കൂടുതലായി എത്തുന്നത്. ആക്രമണം നടത്തിയ ഭീകരർ ഒളിച്ചിരിക്കുന്നതെന്ന് കരുതുന്ന വനമേഖല തെക്കൻ കാശ്മീരിലാണ്. ശ്രീനഗർ അടക്കം സഞ്ചാരികൾ കൂടുതലായി എത്തുന്ന സ്ഥലങ്ങളിൽ സുരക്ഷ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്.
പാകിസ്ഥാൻ ആസ്ഥാനമായുള്ള നിരോധിത ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയുടെ പ്രതിനിധിയായ ദി റെസിസ്റ്റൻസ് ഫ്രണ്ട് അവകാശപ്പെട്ട ആക്രമണം, ഏപ്രിൽ 22 ന് പഹൽഗാമിനടുത്തുള്ള മനോഹരമായ ബൈസരൻ പുൽമേട്ടിൽ നിരായുധരായ വിനോദസഞ്ചാരികൾക്ക് നേരെ തോക്കുധാരികൾ വെടിയുതിർത്തപ്പോഴാണ് നടന്നത്.