സെക്രട്ടേറിയറ്റിന് മുന്നിൽ സമരവുമായി ബന്ധപ്പെട്ട കേസിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ തള്ളി. ജാമ്യാപേക്ഷ തള്ളിയതോടെ വഞ്ചിയൂർ കോടതി നാലാം പ്രതിയായ രാഹുലിനെ 22 വരെ റിമാൻഡ് ചെയ്തു. രാഹുൽ ജയിലിലേക്ക് മാറ്റി. വഴിനീളെ സംഘർഷാവസ്ഥ കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അപ്രതീക്ഷിതവും നാടകീയവുമായിരുന്നു പൊലീസിന്റെ നടപടികൾ. അറസ്റ്റ് മുതൽ തുടങ്ങിയ നാടകീയത ജയിലിലേക്ക് മാറ്റുമ്പോഴും ഇത് തുടരുകയാണ്.
രാഹുൽ മാങ്കൂട്ടത്തിലിന് രണ്ടാമതും മെഡിക്കൽ പരിശോധന നടത്തി. ജനറൽ ആശുപത്രിയിൽ വെച്ചാണ് രണ്ടാമതും രാഹുലിന് മെഡിക്കൽ പരിശോധന നടത്തിയത്. വഞ്ചിയൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (3) ആണ് ജാമ്യാപേക്ഷ തള്ളിയത്. വൈദ്യ പരിശോധനയിൽ രാഹുലിന് ഗുരുതര ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് റിപ്പോർട്ട് വന്നതോടെയാണ് ജാമ്യാപേക്ഷ തള്ളിയത്. സെക്രട്ടേറിയറ്റിന് മുന്നിൽ സമരവുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്. അനുമതിയില്ലാത്ത സമരം , പൊതുമുതൽ നശിപ്പിക്കൽ, കൃത്യനിർവ്വഹണത്തിൽ തടസം വരുത്തൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുളളത്.
നവകേരള സദസ്സിനെതിരായ സമരങ്ങളെ പൊലീസും മുഖ്യമന്ത്രിയുടെ അംഗരക്ഷകരും ചേർന്ന് അടിച്ചൊതുക്കുന്നതിൽ പ്രതിഷേധിച്ചാണ് സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടന്നത്. ഡിസംബർ 20 ന് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിപക്ഷ നേതാവാണ് ഒന്നാം പ്രതി. എംഎൽഎമാരായ ഷാഫി പറമ്പിലും എം വിൻസന്റും രണ്ടും മൂന്നും പ്രതികളുമാണ്. ഇതിനിടെയാണ് നാലാം പ്രതിയായ യൂത്ത് കോൺഗ്രസ് അധ്യക്ഷനെതിരായ പൊലീസ് നടപടി.