പഹൽഗാമിൽ 26 വിനോദസഞ്ചാരികൾ കൊല്ലപ്പെട്ട ഭീകരാക്രമണത്തിൽ ഉൾപ്പെട്ട ഭീകരർക്ക് ആക്രമണവുമായി നേരിട്ട് പങ്കുണ്ടെന്ന് എൻഐഎ കണ്ടെത്തൽ. ആക്രമണത്തിന് ബൈസരൻ താഴ്വര തെരഞ്ഞെടുക്കാനും തക്കതായ കാരണമുണ്ടെന്നാണ് അന്വേഷണസംഘം നൽകുന്ന വിവരം. പാക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരസംഘടനയായ ലഷ്കർ ഇ ത്വയ്ബയിലെ കൊല്ലപ്പെട്ട മൂന്ന് ഭീകരരുടെ ബന്ധമാണ് സ്ഥിരീകരിക്കുന്നത്.
ജനവാസ മേഖലയല്ലാത്ത, വേഗത്തിൽ സൈനികർക്ക് കടന്നുവരാൻ സാധിക്കാത്ത വിജനമായ പ്രദേശമായതിനാലാണ് ബൈസരൻ മേഖല തന്നെ ഭീകരർ തെരഞ്ഞെടുത്തത്. വിനോദസഞ്ചാരികളുടെ സാന്നിധ്യവും മനസിലാക്കി, കൃത്യമായ ആസൂത്രണത്തോടെയാണ് ആക്രമണം നടത്തിയതെന്ന് എൻഐഎ അന്വേഷണത്തിൽ കണ്ടെത്തി.
സുരക്ഷാമേഖലയിൽ നിന്ന് ഏറെ അകലെയായതിനാൽ സൈനികനീക്കം വൈകുമെന്ന് ഭീകരർക്ക് ഉറപ്പായിരുന്നു. ഭീകരരിൽ നിന്ന് കണ്ടെടുത്ത ഡിജിറ്റൽ ഉപകരണങ്ങൾ എൻഐഎ പരിശോധിച്ചുവരികയാണ്. സ്ഥലത്ത് നിന്ന് ശേഖരിച്ച വെടിയുണ്ടകളും ആക്രമണത്തിന് ഉപയോഗിച്ച ആയുധങ്ങളുമായി ഒത്തുനോക്കിയതോടെ അക്രമികളുടെ പങ്ക് കൂടുതൽ സ്ഥിരീകരിച്ചു.
കഴിഞ്ഞ മാസമാണ് പഹൽഗാം ഭീകരാക്രമണത്തിൽ ഉൾപ്പെട്ട മൂന്ന് ഭീകരരെ സുരക്ഷാസേന വധിച്ചത്. സൈന്യത്തിന്റെ ഓപ്പറേഷൻ മഹാദേവ് എന്ന പ്രത്യേക തെരച്ചിലിലാണ് കൊലപ്പെടുത്തിയത്. ലഷ്കർ കമാൻഡർ സുലൈമാൻ ഷാ, അഫ്ഗാൻ, ജിബ്രാൻ എന്നിവരാണ് കൊല്ലപ്പെട്ടത്. ഭീകരർ ഒളിവിൽ കഴിഞ്ഞത് രണ്ട് പ്രദേശവാസികളുടെ സഹായത്തോടെയാണ്. ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.