സംസ്ഥാന വ്യാപകമായി ഇന്ന് രാവിലെ നടന്ന റെയ്ഡിൽ ആയുധങ്ങൾ കണ്ടെത്തിയതായി സൂചന. കൊച്ചി എടവനക്കാട് സ്വദേശി മുബാറക്ക് ആണ് എൻ ഐ എ യുടെ പിടിയിലായത്. ഇയാളുടെ പക്കൽനിന്നും ആയുധങ്ങൾ കണ്ടെടുത്തതായാണ് റിപ്പോർട്ടുകൾ. മുബാറക്കിനെ കൊച്ചിയിലെ ഓഫീസിൽ എത്തിച്ചു ചോദ്യംചെയ്ത് വരികയാണ്. നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ രണ്ടാം നിര നേതാക്കളുടെ വീടുകളിലാണ് ഇന്ന് പുലർച്ചയുടെ റെയ്ഡ് നടന്നത്. നിരോധനശേഷവും സംഘടനയുടെ പ്രവർത്തനങ്ങൾ രാജ്യമെങ്ങും തുടരുന്നുവെന്ന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് എൻ.ഐ.എ ഇന്ന് സംസ്ഥാനവ്യാപകമായി റെയ്ഡ് നടത്തിയത്. പരിശോധനയിൽ പലയിടങ്ങളിൽനിന്നായി രേഖകളും ലഘു രേഖകളും മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. ഇതിനിടയിൽ റെയ്ഡ് വിവരം ചോർന്നതായും പല നേതാക്കളും സംഭവസ്ഥലത്ത് നിന്നും മുങ്ങിയതായും റിപ്പോർട്ടുകൾ ഉണ്ട്.