സിസിടിവി ദൃശ്യങ്ങളിൽ നിന്നുള്ള ചിത്രത്തിൽ, ആക്രമണകാരിയെ മുൻ ചിത്രങ്ങളിൽ ധരിച്ചിരുന്നതിൽ നിന്ന് വ്യത്യസ്തമായ വസ്ത്രത്തിൽ കാണാം. ഈ ചിത്രത്തിൽ നേരത്തെ ധരിച്ചിരുന്ന നീല ഷർട്ടിൽ നിന്ന് വ്യത്യസ്തമായി മഞ്ഞ ഷർട്ട് ധരിച്ചതായാണ് കാണപ്പെടുന്നത്. അക്രമി ബാന്ദ്രയിൽ നിന്ന് ട്രെയിനിൽ മുംബൈ ചുറ്റി സഞ്ചരിക്കുന്നതിനോ മറ്റൊരിടത്തേക്ക് യാത്ര ചെയ്യുന്നതിനോ സാധ്യതയുണ്ടെന്ന് മുംബൈ പോലീസ് പറഞ്ഞു. പ്രതിയെ കണ്ടെത്തുന്നതിനായി ഒന്നിലധികം പോലീസ് സംഘങ്ങൾ നഗരത്തിലെ റെയിൽവേ സ്റ്റേഷനുകളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്.
ഭാര്യ കരീന കപൂറിന്ർറെ ബാന്ദ്ര വെസ്റ്റിലെ വസതിയിൽ വച്ചാണ് സെയ്ഫ് അലി ഖാൻ ആക്രമണത്തിന് ഇരയായത്. പുലർച്ചെ രണ്ടരയോടെയാണ് സംഭവം. വീട്ടിൽ അതിക്രമിച്ച് കയറിയ അക്രമിയുമായി വീട്ട് ജോലിക്കാരി തർക്കിക്കുന്നത് കേട്ട് സെയ്ഫ് അലിഖാൻ എഴുന്നേറ്റ് ചെല്ലുകയായിരുന്നെന്ന് പൊലീസ് പറയുന്നു. പ്രകോപിതനായ അക്രമി കത്തികൊണ്ട് പലവട്ടം കുത്തി. വീട്ട് ജോലിക്കാരിക്കും പരുക്കേറ്റു. പിന്നാലെ പ്രതി ഓടി രക്ഷപ്പെട്ടു. ഡ്രൈവർമാർ ആരും ഇല്ലാതിരുന്നതിനാൽ ചോരയിൽ കുളിച്ച നടനെ മകൻ ഇബ്രാഹിം ഓട്ടോയിലാണ് സമീപത്തെ ലീലാവതി ആശുപത്രിയിൽ എത്തിച്ചത്. രണ്ട് മുറിവുകൾ ആഴത്തിലുള്ളതായിരുന്നു. അതിൽ നട്ടെല്ലിനോട് ചേർന്ന ഭാഗത്ത് വിദഗ്ദ ഡോക്ടർമാരുടെ നേതൃത്വത്തിൽ ശസ്ത്രക്രിയ നടത്തി.കത്തിയുടെ ഒരു ഭാഗം എടുത്ത് മാറ്റി.