പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ പി.വി. അൻവർ എം.എൽ.എ ഉയർത്തിയ 150 കോടിയുടെ അഴിമതിയാരോപണത്തിൽ തെളിവ് ആവശ്യപ്പെട്ട് കോടതി. ആരോപണത്തിനു കൃത്യമായ തെളിവ് വേണമെന്നും വെറുതെ ആരോപണം ഉന്നയിച്ചിട്ട് കാര്യമില്ലെന്നും കോടതി വ്യക്തമാക്കി. ആരോപണത്തിൽ സ്വീകരിച്ച നടപടി അറിയിക്കാൻ വിജിലൻസിനു നിർദേശം നൽകി. തിരുവനന്തപുരം വിജിലൻസ് കോടതിയാണ് ഉത്തരവിറക്കിയത്.
കെ റെയിൽ സിൽവര്‍ ലൈൻ പദ്ധതി അട്ടിമറിക്കാൻ 150 കോടി രൂപ കോഴ വാങ്ങിയെന്നാണ് പ്രതിപക്ഷ നേതാവിനെതിരെ ഉയരുന്ന ആരോപണം. വി.ഡി. സതീശൻ ഇതര സംസ്ഥാന ലോബികളിൽ നിന്നും കൈക്കൂലി വാങ്ങിയെന്ന് പി.വി. അൻവർ നിയമസഭയിൽ ആരോപണം ഉന്നയിച്ചിരുന്നു. ആരോപണത്തിൽ സതീശനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കേരളാ കോൺഗ്രസ് എം. നേതാവ് എ.എച്ച്. ഹഫീസ് വിജിലൻസ് കോടതിയെ സമീപിക്കുകയായിരുന്നു. നേരത്തെ കേസിൽ പ്രാഥമികാന്വേഷണത്തിന് വിജിലൻസ് ഡയറക്ടർ ഉത്തരവിട്ടിരുന്നെങ്കിലും ഇത് പോരെന്ന് ചൂണ്ടിക്കാട്ടിയാണ് ഹഫീസ് ഹരജി നൽകിയത്.
ഹരജി പരിഗണിച്ച കോടതി പരാതിയിന്മേൽ സ്വീകരിച്ച നടപടി അറിയിക്കാൻ വിജിലൻസിന് നിർദേശം നൽകുകയായിരുന്നു. ആരോപണത്തിന് വ്യക്തമായ തെളിവ് വേണമെന്ന് കോടതി ചൂണ്ടിക്കാട്ടി. വെറുതെ ആരോപണം ഉന്നയിച്ചിട്ട് കാര്യമില്ല. ലഭിച്ച പരാതിയുടെ നിജസ്ഥിതി അറിയിക്കണമെന്നും വിജിലൻസിനോട് കോടതി നിർദേശിച്ചിട്ടുണ്ട്. ഹരജി ഏപ്രിൽ ഒന്നിനു കോടതി വീണ്ടും പരിഗണിക്കും.
സിൽവർ ലൈൻ പദ്ധതി നടപ്പായാല്‍ കേരളത്തിന്റെ ഐ.ടി. മേഖലയില്‍ ഉണ്ടാകാൻ പോകുന്ന കുതിച്ചുചാട്ടം ഇല്ലാതാക്കാന്‍ കോൺഗ്രസിനെ കൂട്ടുപിടിച്ച് അന്യസംസ്ഥാന കോര്‍പറേറ്റ് ഭീമന്മാരാണ് പദ്ധതി അട്ടിമറിച്ചതെന്നായിരുന്നു നിലമ്പൂര്‍ എംഎൽഎ നിയമസഭയിൽ ആരോപിച്ചത്. പ്രതിപക്ഷ നേതാവ് ഇതിനായി 150 കോടി കൈപ്പറ്റിയെന്നും അദ്ദേഹം പറഞ്ഞിരുന്നു. കെ റെയില്‍ വന്നിരുന്നെങ്കില്‍ കേരളത്തിലെ ഐ.ടി രംഗം കുതിച്ചുയരുകയും ഹൈദരാബാദിലെയും ബംഗളുരുവിലെയും ഐ.ടി ബിസിനസ് തകര്‍ന്നു പോകുമായിരുന്നുവെന്നും പറഞ്ഞ അൻവര്‍ എംഎൽഎ, കേരളത്തില്‍ നിന്നും ഓരാളെ പോലും ജോലിക്ക് കിട്ടാത്ത സ്ഥിതി ഈ പ്രദേശങ്ങളിൽ ഉണ്ടാകുമായിരുന്നു എന്നും പറഞ്ഞിരുന്നു.