ദില്ലി : ദേശീയ ഗുസ്തി ഫെഡറേഷന്റ മത്സരങ്ങളെല്ലാം തന്നെ റദ്ദാക്കി. ഫെഡറേഷന്റെ അദ്ധ്യക്ഷനായ ബ്രിജ് ഭൂഷണിന് എതിരെ ലൈംഗിക ആരോപണം ഗുസ്തി താരങ്ങൾ ഉന്നയിച്ചതിനെ തുടർന്ന് വൻപ്രതിഷേധങ്ങൾ ഉണ്ടായിരുന്നു. ഇതിനെതുടർന്നാണ് നടപടി. താരങ്ങളുടെ ലൈംഗിക ആരോപണം സംബന്ധിച്ച് അന്വേഷണം നടത്താൻ സമിതിയെ ഏർപ്പാട് ചെയ്യുമെന്ന് തീരുമാനിച്ചിരുന്നു. ഈ സമിതി നിലവിൽ വരുന്നതു വരെയാണ് മത്സരങ്ങളുടെ റദ്ദാക്കൽ. ആരോപണ വിധേയനായ ബ്രിജ് ഭൂഷണിന് പിന്തുണയുമായി ബിജെപി പാർട്ടി എംഎൽഎമാർ അദ്ദേഹത്തെ സന്ദർശിച്ചു.
ഫെഡറേഷന്റെ അധ്യക്ഷനായ ബ്രിജ് ഭൂഷണിന് എതിരായ ലൈംഗിക ആരോപണം വന്നതിന് പിന്നാലെ ഫെഡറേഷന്റെ പ്രവർത്തനങ്ങളിൽ സാമ്പത്തിക ക്രമക്കേട് നടക്കുന്നുവെന്ന ആരോപണവും താരങ്ങൾ ഉയർത്തിയിട്ടുണ്ട്. താരങ്ങളുടെ വ്യക്തിപരമായ കാര്യങ്ങളിൽ ഉൾപ്പെടെ ഫെഡറേഷൻ കൈകടത്തുന്നുവെന്നും താരങ്ങൾ ആരോപിക്കുന്നു. കോടതിയോ കേന്ദ്രസർക്കാരോ ആവശ്യപ്പെട്ടാൽ ആരോപണങ്ങൾക്കുള്ള തെളിവുകൾ നൽകാമെന്നും താരങ്ങൾ അറിയിച്ചിട്ടുണ്ട്.