മുട്ടില്‍ മരംമുറിക്കേസിൽ കൂടുതൽ തെളിവുകൾ പുറത്ത്. അനുമതിയുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചാണ് മരംമുറിക്കാൻ സമീപിച്ചതെന്ന് ഭൂവുടമകള്‍ വെളിപ്പെടുത്തി. മുട്ടില്‍ മരംമുറിക്കേസിലെ പ്രതികളുടെ തട്ടിപ്പ് കഥകൾ ശരിയാണെന്ന് ഭൂവുടമകൾ വെളിപ്പെടുത്തി. അപേക്ഷയിൽ കാണിച്ച ഒപ്പുകൾ ഞങ്ങളുടേത് അല്ല. അനുമതിയുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചാണ് മരംമുറിച്ചത്. പേപ്പറുകൾ ശരിയാക്കാൻ കൂടുതൽ പണം വേണം. അതിനാൽ കുറഞ്ഞ വിലയെ നൽകാനാകൂ എന്നും പറഞ്ഞു.’ ഭൂവുമകൾ വ്യക്തമാക്കി.
ആദ്യം എത്തിയത് ഇടനിലക്കാരാണ്. പാതിസമ്മതം ഉറപ്പായശേഷം റോജി നേരിട്ടെത്തി ഇടപാട് ഉറപ്പിച്ചു. ലക്ഷങ്ങൾ വിലമതിക്കുന്ന മരത്തിന് ഭൂവുടമകൾക്ക് നൽകിയത് തുച്ഛമായ വിലയാണ്. മരംമുറിയുമായി ബന്ധപ്പെട്ട രേഖകൾ റോജി ശരിയാക്കും. അതിനാലാണ് തുക കുറച്ചു നൽകുന്നതെന്നും ഭൂവുടമകളെ പറഞ്ഞു പറ്റിച്ചു. ഒരു അപേക്ഷയിലും ഒപ്പിട്ടിരുന്നില്ല എന്നും ഭൂവുടമകൾ പറഞ്ഞു.
മുട്ടില്‍ സൗത്ത് വില്ലേജിലെ റവന്യു പട്ടയ ഭൂമികളില്‍ നിന്നാണ് റോജി അഗസ്റ്റിനും സംഘവും കോടികളുടെ ഈട്ടിത്തടി മുറിച്ചു കടത്തിയത്. മരംമുറിക്കാനായി റോജി അഗസ്റ്റിൻ ഏഴു കർഷകരുടെ സമ്മതപത്രമാണ് വില്ലേജ് ഓഫീസിൽ സമർപ്പിച്ചത്. എല്ലാം റോജി സ്വന്തം എഴുതി ഒപ്പിട്ടവ എന്നാണ് ഫൊറൻസിക് പരിശോധനയിലെ കണ്ടെത്തൽ. മുട്ടിൽ സൌത്ത് വില്ലേജിൽ നിന്നും ഈ വ്യാജ അപേക്ഷകൾ പൊലീസ് കണ്ടെത്തിയിരുന്നു. പ്രതികൾക്ക് എതിരായ കൂടുതൽ കണ്ടെത്തലുകൾ ഇതിനോടകം തന്നെ പുറത്തുവന്നിട്ടുണ്ട്.
അതേസമയം മുട്ടിൽ മരംമുറി കേസിൽ വനംവകുപ്പ് മാത്രം നടപടികളുമായി മുന്നോട്ടു പോയിരുന്നെങ്കിൽ പ്രതികൾ 500 രൂപ പിഴയടച്ചു രക്ഷപ്പെടുമായിരുന്നുവെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. എസ് ഐ ടി അന്വേഷണം വന്നതിനാൽ ഗൂഢാലോചനയും തെറ്റിദ്ധരിപ്പിക്കലും അടക്കം കുറ്റങ്ങൾ കോടതിയിൽ എത്തിക്കാൻ കഴിഞ്ഞു.ഒരു സർക്കാർ ഉത്തരവിനെ മറയാക്കി പട്ടയഭൂമിയിൽ നിന്ന് വ്യാപകമായി മരങ്ങൾ മുറിക്കുക ആയിരുന്നുവെന്നും മന്ത്രി പറഞ്ഞു.