കൊച്ചി: എറണാകുളം മൂഴിക്കുളത്ത് നാലുവയസ്സുകാരിയെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ മാതാവ് സന്ധ്യയുടെ അറസ്റ്റ് രേഖപ്പെടുത്തി. ചെങ്ങമനാട് പോലീസ് ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചിരുന്നു. ചെങ്ങമനാട് പോലീസ് കേസിൽ പുതിയ എഫ്ഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.
സന്ധ്യക്കെതിരെ കൊലക്കുറ്റം ചുമത്തുമെന്ന് പൊലീസ് അറിയിച്ചു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി കളമശ്ശേരി മെഡിക്കൽ കോളേജിൽ കുഞ്ഞിന്റെ പോസ്റ്റ്മോർട്ടം നടപടികൾ ആരംഭിച്ചു. കല്യാണിയുടെ അച്ഛന്റെ വീട്ടുകാർ മൃതദേഹം ഏറ്റുവാങ്ങും. തിരുവാങ്കുളം മറ്റക്കുഴിയിലെ വീട്ടിലായിരിക്കും പൊതുദർശനം. ഇന്ന് നാല് മണിക്ക് തിരുവാണിയൂർ പൊതുശ്മശാനത്തിൽ സംസ്കരിക്കും.
കൊലപാതക വിവരം മറച്ചുവച്ചു എന്നാണ് എഫ്ഐആറിൽ പറയുന്നത്. ഇന്നലെ കാണാതായ കുട്ടിയുടെ മൃതദേഹം പുലർച്ചെ മൂന്ന് മണിയോടെയാണ് ചാലക്കുടി പുഴയിൽ നിന്ന് കണ്ടെത്തിയത്. മൂഴിക്കുളം പാലത്തിൽ നിന്ന് കുഞ്ഞിനെ താൻ പുഴയിലേക്ക് എറിഞ്ഞതാണെന്ന് അമ്മ സന്ധ്യ മൊഴി നൽകിയിട്ടുണ്ട്.