കേരളത്തിൽ മൺസൂൺ എത്താൻ ഇനിയും വൈകുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജൂൺ നാലിന് സംസ്ഥാനത്ത് കാലവർഷം എത്തുമെനന്നായിരുന്നു നേരത്തെ പ്രവചിച്ചിരുന്നെങ്കിലും ഇപ്പോൾ ജൂൺ ഏഴിന് കേരളത്തിലെത്താനാണ് സാധ്യതയെന്നാണ് ഐഎംഡി വ്യക്തമാക്കുന്നത്. തെക്കൻ അറബിക്കടലിൽ പടിഞ്ഞാറൻ കാറ്റ് വർധിച്ചതോടെ സാഹചര്യം അനുകൂലമായിക്കൊണ്ടിരിക്കുകയാണെന്നും പടിഞ്ഞാറൻ കാറ്റിന്റെ ആഴം ക്രമാനുഗതമായി വർദ്ധിച്ചുവരികയാണെന്നും ജൂൺ നാലിന് സമുദ്രനിരപ്പിൽ നിന്ന് 2.1 കി.മീ. പോയിന്റിലെത്തുമെന്നും ഐഎംഡി തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
അതെ സമയം തെക്ക് – കിഴക്കൻ അറബികടലിൽ ചക്രവാതചുഴി രൂപപ്പെട്ടു. അടുത്ത 24 മണിക്കൂറിനുള്ളിൽ ഇത് ന്യൂന മർദ്ദമായി ശക്തി പ്രാപിക്കാനാണ് സാധ്യത. പിന്നീടുള്ള 48 മണിക്കൂറിൽ ഇത് തീവ്ര ന്യൂനമർദ്ദമായും മാറും. വടക്ക് ദിശയിലേക്ക് നീങ്ങുന്ന ന്യൂന മർദ്ദം മധ്യ കിഴക്കൻ അറബിക്കടലിന് സമീപമെത്തി തീവ്ര ന്യൂന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.