മണിപ്പൂര്‍ വിഷയത്തില്‍ അവിശ്വാസ പ്രമേയ ചർച്ചയുടെ രണ്ടാം നാൾ സംസാരിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും സർക്കാരിനുമെതിരെ മണിപ്പൂർ വിഷയത്തിൽ അതിരൂക്ഷ വിമർശനം ഉയർത്തി. മണിപ്പുർ ഇന്ത്യയിൽ അല്ലെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാവമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. മണിപ്പൂരിൽ മാതാവും ഭാരതമാതാവും കൊലചെയ്യപ്പെട്ടുവെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. മണിപ്പൂരിൽ കൊല ചെയ്യപ്പെടുന്നത് ഇന്ത്യയാണ്. താൻ മണിപ്പുർ സന്ദർശിച്ചെങ്കിലും ഈ നിമിഷം വരെ പ്രധാനമന്ത്രി അവിടെ പോയിട്ടില്ലെന്നും മണിപ്പുരിലുള്ളവരുമായി സംസാരിക്കാൻ പ്രധാനമന്ത്രി തയാറാകുന്നില്ലെന്നും രാഹുൽ പറഞ്ഞു.
ബിജെപി രാജ്യദ്രോഹികളാണെന്നും രാഹുല്‍ വിമർശിച്ചു. രാഹുലിന്‍റെ പ്രസംഗം പലപ്പോഴും ഭരണപക്ഷ എംപിമാരുടെ ബഹളത്തിൽ മുങ്ങി. ബിജെപി രാജ്യസ്നേഹികളല്ല, രാജ്യദ്യോഹികളാണെന്ന് രാഹുല്‍ പാര്‍ലമെന്‍റില്‍ വിമര്‍ശനം ഉന്നയിച്ചു. ഇന്ത്യയുടെ ശബ്ദം കേള്‍ക്കാന്‍ മോദി തയ്യാറാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇന്ത്യയുടെ ശബ്ദം കേള്‍ക്കാന്‍ തയ്യാറാകുന്നില്ല. പിന്നെ ആരുടെ ശബ്ദം കേള്‍ക്കുമെന്ന് മോദിയോട് രാഹുല്‍ ചോദിച്ചു. രാവണൻ രണ്ട് പേരെ മാത്രമേ കേള്‍ക്കൂ, കുംഭകർണനെയും മേഘനാഥനെയും. അതുപോലെയാണ് മോദി, അമിത് ഷാ യേയും അദാനിയേയും മാത്രമേ കേള്‍ക്കൂവെന്നും രാഹുല്‍ ഗാന്ധി പരിഹസിച്ചു.
എന്റെ പ്രസംഗം അദാനിയേക്കുറിച്ചല്ല എന്ന് പറഞ്ഞാണ് രാഹുൽ തുടക്കമിട്ടത്. സഭയിലേക്കു തിരികെ കൊണ്ടുവന്നതിനു നന്ദിയറിയിച്ചാണ് രാഹുൽ പ്രസംഗം ആരംഭിച്ചത്. ‘‘സ്പീക്കർ സർ, ലോക്സഭയിൽ എംപിയെന്ന നിലയിൽ എന്നെ തിരികെ കൊണ്ടുവന്നതിന് പ്രത്യേകം നന്ദി. ഇതിനു മുൻപ് ഞാൻ ഇവിടെ പ്രസംഗിച്ച സമയത്ത് അദാനിയെക്കുറിച്ച് പറഞ്ഞ് താങ്കൾക്ക് ചെറിയ പ്രശ്നങ്ങളുണ്ടാക്കി. ഒരുപക്ഷേ, താങ്കളുടെ മുതിർന്ന നേതാവിനും അത് വലിയ വേദനയുണ്ടാക്കി. ആ വേദനയുടെ ഫലം താങ്കൾക്കും അനുഭവിക്കേണ്ടി വന്നിരിക്കും. അതിന് ആദ്യമേ ക്ഷമ ചോദിക്കുന്നു. പക്ഷേ, ഞാൻ പറഞ്ഞത് സത്യമാണ്. ഇന്ന് ബിജെപിയിലെ എന്റെ സുഹൃത്തുക്കൾ ഒന്നുകൊണ്ടും പേടിക്കേണ്ട. കാരണം, എന്റെ പ്രസംഗം അദാനിയേക്കുറിച്ചല്ല.’ – രാഹുൽ പറഞ്ഞു.