സംസ്ഥാനത്ത് നടക്കുന്ന ആശാ വർക്കർമാരുടെ വിഷയം, വയനാട് ദുരന്തം, എയിംസ് എന്നീ ആവശ്യങ്ങൾ കേന്ദ്ര ആരോഗ്യമന്ത്രി ജെ പിനദ്ദയെ കണ്ട് ചർച്ച ചെയ്യാനായി ഡൽഹിയിൽ എത്തിയ സംസ്ഥാന ആരോഗ്യമന്ത്രിക്ക് കേന്ദ്രമന്ത്രിയെ കാണാൻ അനുമതി ലഭിച്ചില്ല. ഇന്നലെ ആശമാരുമായി മന്ത്രി വീണാ ജോർജ് ചർച്ച നടത്തുകയും ഇത് പരാജയപ്പെടുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് മന്ത്രി ഡൽഹിക്ക് പോവുന്നു എന്ന അറിയിപ്പ് വന്നത്. മന്ത്രിയുടേത് തിരക്കിട്ട ഡൽഹി യാത്രയാണെന്ന വിമർശനമുയർന്നിരുന്നു. ആശാ വിഷയത്തിൽ നേരത്തെ കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നഡ്ഡ പാർലമെന്റിൽ നിലപാട് വ്യക്തമാക്കിയിരുന്നു.
കേരളാ ഹൗസിലെത്തിയ വീണാ ജോർജ് രാവിലെ മുതൽ ചർച്ചയ്ക്ക് സമയം അനുവദിക്കുമെന്ന കാത്തിരിപ്പിലായിരുന്നു. എന്നാൽ മുൻകൂട്ടി ചോദിക്കാതെ കൂടിക്കാഴ്ചയ്ക്കുള്ള അനുമതി ലഭിക്കില്ലെന്നാണ് കേന്ദ്രമന്ത്രിയുടെ ഓഫീസിൽ നിന്ന് പുറത്തുവന്ന അറിയിപ്പ്. മന്ത്രി തിരക്കിലാണെന്നും കേരളാ ഹൗസിനെ അറിയിച്ചു.
അതെസമയം ഇന്നലെ തന്നെ കേന്ദ്ര മന്ത്രിയെ കാണുമെന്ന് പറഞ്ഞിട്ടില്ല. ഒരാഴ്ചയ്ക്കുള്ളിൽ നേരിട്ട് കേന്ദ്ര ആരോഗ്യ മന്ത്രിയെ കാണുമെന്നാണ് നേരത്തെ തന്നെ പറഞ്ഞിട്ടുള്ളതെന്നും വീണ ജോർജ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. ഇന്നലെ അപ്പോയിന്റ്മെന്റ് ലഭിച്ചില്ലെങ്കിൽ കേന്ദ്ര ആരോഗ്യ മന്ത്രിക്ക് സൗകര്യം എപ്പോഴാണെന്ന് അറിയിച്ചാൽ അപ്പോൾ വന്ന് കാണും എന്നാണ് പറഞ്ഞത് എന്നും മന്ത്രി പ്രതികരിച്ചു.
എന്നാൽ ആശാ സമരം തുടരുന്നതിനിടെ ഡൽഹിയിലെത്തിയ സംസ്ഥാന ആരോഗ്യ മന്ത്രി വീണാ ജോർജിൻ്റെ വാദം തള്ളി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കൂടിക്കാഴ്ചക്ക് അനുമതി തേടി കത്ത് ലഭിച്ചത് ബുധനാഴ്ച രാത്രിയെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്. കേരള ഹൗസ് റസിഡൻ്റ് കമ്മീഷണറുടെ അപേക്ഷയാണ് കേന്ദ്ര ആരോഗ്യമന്ത്രിയുടെ ഓഫീസിലെത്തിയതെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ഈ അപേക്ഷ ചൊവ്വാഴ്ച രാത്രി തന്നെ നൽകിയെന്നാണ് ആരോഗ്യ മന്ത്രി വീണാ ജോർജ് ഇന്നലെ പ്രതികരിച്ചത്.
രണ്ടുകത്തുകളാണ് അനുമതി തേടി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് നൽകിയിരുന്നു. കത്തിൽ മാർച്ച് 18 എന്ന തീയതിയാണുള്ളത്. എന്നാൽ ഈ കത്ത് കിട്ടിയത് 19ന് രാത്രിയാണെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്.