കായികമേളയിൽ രണ്ട് സ്കൂളുകൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചു. മലപ്പുറം ജില്ലയിലെ നാവാമുകുന്ദ സ്‌കൂളിന്റെയും എറണാകുളം ജില്ലയിലെ കോതമംഗലം മാർബേസിൽ സ്‌കൂളിന്റെയും വിലക്കാണ് പിൻവലിച്ചത്. ഒളിമ്പിക്‌സ് മാതൃകയിൽ നടന്ന സംസ്ഥാന സ്‌കൂൾ കായിക മേളയുടെ സമാപന ചടങ്ങിൽ ഉണ്ടായ അനിഷ്ട സംഭവങ്ങളിൽ ഖേദം പ്രകടിപ്പിച്ചുകൊണ്ട് സ്കൂളുകൾ കത്ത് നൽകിയിരുന്നു. മേലിൽ അത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുമെന്നും, കത്തിൽ വ്യക്തമാക്കിയതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ആൻ്റണി ജോൺ എംഎൽഎയുടെ സബ്മിഷന് മറുപടി നൽകുകയായിരുന്നു മന്ത്രി.
വിലക്ക് പിൻവലിച്ചുള്ള ഉത്തരവ് ഒരാഴ്ചയ്ക്കകം ഇറങ്ങും. എന്നാൽ അധ്യാപകർക്ക് എതിരായ നടപടി തുടരാനാണ് കമ്മിറ്റി തീരുമാനം. കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും അധ്യാപകർക്ക് എതിരെയുള്ള നടപടി പുനഃപരിശോധിക്കുക. രണ്ടായിരത്തി ഇരുപത്തിയഞ്ച് – ഇരുപത്തിയാറിൽ നടക്കുന്ന സ്‌കൂൾ കായികമേളയിൽ പങ്കെടുക്കുന്നതിൽ വിലക്ക് കൽപ്പിച്ചുകൊണ്ട് 2025 ജനുവരി 2 ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഇറക്കിയ ഉത്തരവ് പിൻവലിച്ചുകൊണ്ടുള്ള ഉത്തരവ് ഒരാഴ്ചയ്ക്കകം ഇറങ്ങുന്നതാണ് എന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.