കൈതോലപ്പായ വിവാദത്തിലെ ശക്തിധരന്റെ വെളിപ്പെടുത്തൽ ഭാവനയിൽ ഉദിച്ച കെട്ടുകഥയാണെന്നും ആരോപണത്തിൽ വസ്തുതയുടെ കണികപോലുമില്ലെന്നും മന്ത്രി പി.രാജീവ് പറഞ്ഞു. ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി. ശക്തിധരന്റെ കൈതോലപ്പായയിലെ പണം കടത്തല്‍ ആരോപണവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് പ്രതികരണവുമായി മന്ത്രി പി രാജീവ് രംഗത്ത് വന്നത്.
എറണാകുളത്തെ കലൂരിലുള്ള ദേശാഭിമാനി ഓാഫീസില്‍ നിന്ന് രണ്ട് കോടി 35 ലക്ഷം രൂപ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത് അന്നത്തെ പാര്‍ട്ടിസെക്രട്ടറി പിണറായി വിജയന്‍ ആണെന്നും അത് തിരുവനന്തപുരത്ത് എ കെ ജി സെന്ററില് എത്തിച്ചത് ഇപ്പോഴത്തെ വ്യവസായമന്ത്രി പി രാജീവ് ആണെന്നുമാണ് ശക്തിധരന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചിരിക്കുന്നത്.
കൈതോലപ്പായ വിവാദത്തില്‍ തുടരന്വേഷണ സാധ്യതയില്ലെന്ന് പോലീസ് അറിയിച്ചതിന് തൊട്ടുപിന്നാലെയാണ് ശക്തിധരന്‍ പുതിയ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. സിപിഎമ്മിന്റെ ഒരു ഉന്നതനായ നേതാവ് കൊച്ചിയിലെ ദേശാഭിമാനി ഓഫിസില്‍ വച്ച് രണ്ടരക്കോടിയേളം രൂപ കൈതോലപ്പായയില്‍ കെട്ടിപ്പൊതിഞ്ഞു കൊണ്ടുപോയെന്നായിരുന്നു ജി.ശക്തിധരന്‍ ആരോപിച്ചത്. ഇത് കേരളരാഷ്ട്രീയത്തില്‍ ഏറെ ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ വിവാദത്തില്‍ ഉള്‍പ്പെട്ട നേതാക്കളുടെ പേര് വെളിപ്പെടുത്തിയിരിക്കുന്നത്
രസീതോ രേഖകളോ സുതാര്യതയോ ഇല്ലാതെ നിഗൂഢമായി എറണാകുളത്തെ കലൂരിലുള്ള ദേശാഭിമാനി ഓഫീസിൽ നിന്ന് രണ്ട് കോടി 35 ലക്ഷം രൂപ രണ്ട് ദിവസം അവിടെ താമസിച്ച് സമാഹരിച്ച് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത് അന്നത്തെ പാർട്ടി സെക്രട്ടറി പിണറായി വിജയൻ ആണെന്നും അത് തിരുവനന്തപുരത്ത് എ കെ ജി സെന്ററില് എത്തിച്ചത് ഇപ്പോഴത്തെ വ്യവസായമന്ത്രി പി രാജീവ് ആണെന്നും തുറന്ന് എഴുതിയിരുന്നു എങ്കിൽ എന്ത് സംഭവിക്കുമായിരുന്നു? ഭൂമി ഇന്നത്തെപ്പോലെ അപ്പോഴും ഗോളാകൃതിയിൽ തന്നെ ആയിരിക്കുമായിരുന്നു. അതിൽ ഒരു മാറ്റവും പ്രതീക്ഷിക്കേണ്ടതില്ലല്ലോയെന്നും ശക്തിധരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.