ഫിഫ ലോകകപ്പ് നേടിയ അർജന്‍റീന ടീമിന്‍റെ ബ്യൂണസ് അയേഴ്സിലെ വിക്‌ടറി പരേഡിനിടെ സംഘർഷം. ലിയോണല്‍ മെസിയുടെയും സംഘത്തിന്‍റെയും തുറന്ന ബസിലേക്ക് ആരാധകർ എടുത്തുചാടി. 18 പേർക്ക് പരിക്കേറ്റു. 36 വര്‍ഷത്തെ സ്വപ്നം. ഇക്കാലമത്രയും ഉള്ളില്‍ അടിഞ്ഞുകൂടിയ നിരാശയും കണ്ണീരും എല്ലാം അടങ്ങി ആഹ്ലാദം അണപൊട്ടിയൊഴുകിയ നിമിഷങ്ങള്‍ ആണ് ഇവിടെ കടന്നുപോയത് . ഒരു രാജ്യം ഒന്നാകെ തലസ്ഥാനമായ ബ്യൂണസ് ഐറിസിലേക്ക് ഒഴുകുകയായിരുന്നു. രാജ്യം കിരീടമണിഞ്ഞ നിമിഷം മുതല്‍ തുടങ്ങിയ നിലയ്ക്കാത്ത ആഘോഷം. കപ്പുമായി പുലര്‍ച്ചെ രണ്ടരയോടെ വിമാനമിറങ്ങിയ മെസ്സിയെയും സംഘത്തെയും കരഘോഷത്തോടെ താരങ്ങളെ രാജ്യം വരവേറ്റു. പിന്നീട് നടന്നത് ഒരു പക്ഷേ ലോകത്തെ ഏറ്റവും വലിയ മഹാസമ്മേളനമായിരുന്നു.
ലോക കിരീടവുമായി ബ്യൂണസ് അയേഴ്‌സില്‍ പറന്നിറങ്ങിയ അര്‍ജന്‍റീന്‍ ടീമിന്‍റെ വിക്‌ടറി പരേഡ് കാണാന്‍ 40 ലക്ഷം ആരാധകര്‍ തടിച്ചുകൂടിയെന്നാണ് റിപ്പോര്‍ട്ട്. മറഡോണയുടെയും മെസിയുടേയും ചിത്രങ്ങളുള്ള പതാകയുമായി പാട്ടും മേളവുമായി ആരാധകർ ലോകകപ്പ് ജയം ആഘോഷമാക്കി. രാജ്യത്താകെ പൊതു അവധി നൽകിയാണ് അർജന്‍റീന മൂന്നാം ലോകകപ്പ് വിജയം ആഘോഷിക്കുന്നത്. നഗരത്തിലെ ഫ്ലൈഓവറുകളിലും റോഡുകളിലും തെരുവുകളിലും ആളുകള്‍ തിങ്ങിനിറഞ്ഞതോടെ ജനത്തെ നിയന്ത്രിക്കാന്‍ കഴിയാതെ വരികയായിരുന്നു. ജനസാഗരത്തിനിടയില്‍ താരങ്ങളുടെ സുരക്ഷ കൂടി കണക്കിലെടുത്ത് ഒടുവില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഹെലികോപ്ടറിന്റെ സഹായം തേടി. തുടര്‍ന്നുള്ള നഗരപ്രദക്ഷിണം ഹെലികോപ്ടറിലാക്കി. കപ്പുമായി താരങ്ങള്‍ ഹെലികോപ്ടറിലിരുന്ന് പിന്തുണക്ക് നന്ദി പറഞ്ഞു. അപ്പോഴും ഒരു നോക്ക് അഭിമാനതാരങ്ങളെ കാണാനായി പ്രധാന പാതകളിലൂടെ ജനം ഒഴുകുകയായിരുന്നു. ജീവിതത്തില്‍ ഏറ്റവും മികച്ച നിമിഷങ്ങള്‍ കണ്ട സന്തോഷത്തിലായിരുന്നു പലരും.
കലാശപ്പോരിൽ നിലവിലെ ചാമ്പ്യന്മാരായിരുന്ന ഫ്രാൻസിനെ മലര്‍ത്തിയടിച്ചാണ് ഖത്തറില്‍ കിരീടമുയര്‍ത്തിയത്. കിരീടം നിലനിര്‍ത്താനിറങ്ങിയ ഫ്രാന്‍സിനെ ഷൂട്ടൗട്ടില്‍ 4-2 തകര്‍ത്ത് ലിയോണല്‍ മെസിയുടെ അര്‍ജന്‍റീന മൂന്നാം ലോക കിരീടം ഉയര്‍ത്തുകയായിരുന്നു.