വിഴിഞ്ഞത്ത് തുറമുഖ സമരവുമായി ബന്ധപ്പെട്ട് സംഘർഷത്തിന് പിന്നാലെ വൻ പൊലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. അഞ്ച് ജില്ലകളിൽ നിന്നായി ആയിരത്തിലധികം പൊലീസുകാരെ വിന്യസിക്കും. രാവിലെ സർവകക്ഷി യോഗം ചേരും. നിലവിൽ 500ലധികം പൊലീസുകാരെയാണ് പ്രദേശത്ത് വിന്യസിച്ചിരിക്കുന്നത്. ഇരുപതിൽ അധികം ഉന്നത പൊലീസ് ഉദ്യോഗസ്ഥരുണ്ട്. അധികമായി 300 പൊലീസുകാരെ ഇപ്പോൾ നിയോഗിച്ചു. തുടർ നടപടി സ്വീകരിക്കാൻ കമ്മീഷണറെ ചുമതലപ്പെടുത്തി.
ഇന്നലെ ഉണ്ടായസമരക്കാരുടെ ആക്രമണത്തിൽ 36 പൊലീസുകാർക്കാണ് പരുക്കേറ്റത്. കസ്റ്റഡിയിലെടുത്ത അഞ്ചുപേരെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരക്കാർ പൊലീസ് സ്റ്റേഷൻ ആക്രമിച്ചത്. പൊലീസ് സ്റ്റേഷൻ അടിച്ചുതകർത്ത സമരക്കാർ എസ്എച്ച്ഒ ഉൾപ്പെടെയുള്ളവരെ തടഞ്ഞുവച്ചു. പൊലീസ് വാഹനങ്ങളും വയർലെസ് ഉൾപ്പെടെയുള്ള ഉപകരണങ്ങളും സമരക്കാർ തകർത്തു.
സംഘർഷത്തിൽ പരുക്കേറ്റ എസ്ഐ ഉൾപ്പെടെ 18 പൊലീസുകാരെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കാലൊടിഞ്ഞ എസ് ഐ ലിജോ പി മണിയെ എസ്പി ഫോർട്ട് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പരുക്കേറ്റവരെ മെഡിക്കൽ കോളജുൾപ്പെടെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിൽ വിഴിഞ്ഞം എസ്ഐയുടെ കാലിന് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. കല്ലുകൊണ്ട് ഇടിച്ചതാണ് പരുക്കിന് കാരണമെന്ന് എം ആർ അജിത് കുമാർ അറിയിച്ചു. പ്രകോപനമുണ്ടായാൽ കർശന നിയമനടപടിയുണ്ടാകുമെന്നാണ് പൊലീസ് മുന്നറിയിപ്പ് നൽകുന്നത്.