സ്ത്രീകളെ നഗ്നാരാക്കി നടത്തിയ വീഡിയോ പുറത്ത് വന്നതിന് പിന്നാലെയാണ് മണിപ്പൂരിൽ നിന്ന് ലൈംഗികാതിക്രമവിവരങ്ങള്‍ വീണ്ടും പുറത്തുവരുന്നു. വീഡിയോ പുറത്ത് വന്നതിന് പിന്നാലെയാണ് അതിക്രമത്തിന് ഇരയായ ഒരു പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കി. സ്ത്രീകളുടെ സംഘമാണ് തന്നെ ബലാത്സംഗം ചെയ്യാൻ വിട്ട് നല്‍കിയതെന്നും പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു. മെയ് 15 ന് നടന്ന സംഭവത്തിന് പിന്നില്‍ അറംബായി തെങ്കോല്‍ സംഘമാണെന്നും പെണ്‍കുട്ടി ആരോപിക്കുന്നു. പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ നാഗാലാന്‍റിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.
മണിപ്പൂരിൽ കലാപം തുടങ്ങിയ ശേഷം ഇന്റർനെറ്റ് സംവിധാനം വിച്ഛേദിച്ചിരുന്നു. ഇന്റർനെറ്റ് സേവനം ഭാഗികമായി പുനഃസ്ഥാപിച്ചതിന് പിന്നാലെയാണ് മണിപ്പൂരിൽ നിന്ന് രക്തമുറയുന്ന ക്രൂരകൃത്യങ്ങളുടെ റിപ്പോർട്ടുകൾ പുറത്തുവന്ന് തുടങ്ങിയത്. അതേസമയം, മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തി കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ കൂടുതൽ പേരെ അറസ്റ്റ് ചെയ്തേക്കും. പൊലീസ് ദൃശ്യങ്ങൾ പരിശോധിച്ച് തിരിച്ചറിഞ്ഞവർക്കായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. നിലവിൽ പ്രായപൂർത്തിയാകാത്ത ഒരാൾ അടക്കം ആറ് പേരാണ് സംഭവത്തില്‍ അറസ്റ്റിലായിരിക്കുന്നത്.
അതേസമയം മണിപ്പൂരിൽ കേന്ദ്രസർക്കാർ വേണ്ടത്ര ശ്രദ്ധചെലുത്തുന്നില്ലെന്നും കാര്യങ്ങൾ വളരെ ലാഘവത്തോടെ ആണ് കൈകാര്യം ചെയ്യുന്നതെന്നും പ്രതിപക്ഷകക്ഷികൾ ആരോപിച്ചു. മനുഷ്യത്വരഹിതമായ നടപടികളാണ് പ്രധാനമന്ത്രിയുടേയും മണിപ്പൂർ മുഖ്യമന്ത്രിയുടേയും ഭാഗത്ത് നിന്നുണ്ടായത് എന്നും ആരോപണം ഉയരുന്നുണ്ട്.