മണിപ്പൂരില്‍ സംഘര്‍ഷം തുടരുന്നതിനിടെ വിവിധ ഭാഗങ്ങളില്‍ നിന്ന് കൊള്ളയടിക്കപ്പെട്ട ആയുധങ്ങള്‍ പിടിച്ചെടുത്തു. മലയോര ജില്ലകളിലെ കുക്കി വിഭാഗക്കാര്‍ കൊള്ളയടിച്ച 623 ആയുധങ്ങളില്‍ 138 ആയുധങ്ങള്‍ കണ്ടെടുത്തു. താഴ്വര ജില്ലകളില്‍ നിന്ന് നഷ്ടപ്പെട്ട 4323 ആയുധങ്ങളില്‍ 1,072 എണ്ണം കണ്ടെടുത്തു.
അതിനിടെ മണിപ്പൂരിൽ വീണ്ടും കലാപം രൂക്ഷമാകുകയാണ്. ഇന്നലെ നടന്ന സംഘർഷത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ആറായി. ബിഷ്ണുപൂരിൽ സൈന്യത്തിന് നേരെയും ആക്രമണം നടന്നു. ഇംഫാൽ മുതൽ ബിഷ്ണുപൂർ വരെയുള്ള മേഖലകളിൽ വ്യാപക അക്രമങ്ങളാണ് നടന്നത്. ക്വാക്ടയിൽ മെയ്തേയി വിഭാഗത്തിലെ മൂന്ന് പേർ കൊല്ലപ്പെട്ടതോടെയാണ് ഇന്നലെ സ്ഥിതി രൂക്ഷമായത്. അക്രമികള്‍ നിരവധി വീടുകൾക്ക് തീയിട്ടു.
സംഘര്‍ഷം ആരംഭിച്ച് 90 ദിവസത്തിലേറെയായിട്ടും സംസ്ഥാനത്ത് അശാന്തി തുടരുകയാണ്. സംസ്ഥാനത്തെ ചില ജില്ലകളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടും വിവിധ പ്രദേശങ്ങളില്‍ വെടിവെയ്പ്പുള്‍പ്പെടെയുളള അക്രമ സംഭവങ്ങള്‍ തുടരുന്നുണ്ട്. മണിപ്പൂരില്‍ മൂന്ന് മാസത്തോളമായി തുടരുന്ന വംശീയ സംഘര്‍ഷത്തില്‍, മലനിരകളിലെയും താഴ്വര ജില്ലകളിലെയും ആയുധശാലകളില്‍ നിന്ന് നിരവധി ആയുധങ്ങളും വെടിക്കോപ്പുകളും കൊള്ളയടിക്കപ്പെട്ടിരുന്നു. മലയോര ജില്ലകളില്‍ കുക്കി വിഭാഗക്കാരാണ് കവര്‍ച്ച നടത്തിയതെങ്കില്‍ താഴ്വര ജില്ലകളില്‍ ഗ്രാമവാസികള്‍ ചേര്‍ന്നാണ് ആയുധങ്ങള്‍ തട്ടിയെടുത്തത്. നഷ്ടപ്പെട്ട നിരവധി ആയുധങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ഇതിനോടകം തന്നെ വീണ്ടെടുത്തു.
മണിപ്പൂരിൽ നടക്കുന്ന വർഗീയ കലാപത്തിൽ ഇതിനോടകം 160 ൽ അധികം ആളുകൾ കൊല്ലപ്പെടുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പട്ടികവർഗ (എസ്‌ടി) പദവിയ്ക്കായുളള മെയ്തേയ് സമുദായത്തിന്റെ ആവശ്യത്തിൽ പ്രതിഷേധിച്ച്, മലയോര ജില്ലകളിൽ മെയ് 3 ന് നടത്തിയ ‘ആദിവാസി ഐക്യദാർഢ്യ മാർച്ച്’ ന് പിന്നാലെയാണ് മണിപ്പൂരിൽ അക്രമം പൊട്ടിപ്പുറപ്പെട്ടത്.