ശബരിമലയിൽ ഇന്ന് മണ്ഡലപൂജ. രാവിലെ 10.10നും 11.30നും ഇടയിലുള്ള മുഹൂർത്തത്തിലാണ് തങ്ക അങ്കി ചാർത്തിയുള്ള പൂജ. മണ്ഡല പൂജയോട് അനുബന്ധിച്ച് സന്നിധാനത്ത് തീർത്ഥാടകർക്ക് നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. രാത്രി 11ന് ഹരിവരാസനം പാടി നട അടയ്ക്കുന്നതോടെ 41ദിവസം നീണ്ട മണ്ഡലകാലത്തിന് പരിസമാപ്തിയാകും. മകരവിളക്ക് മഹോത്സവത്തിനായി 30ന് വൈകിട്ട് അഞ്ചിന് വീണ്ടും നട തുറക്കും. ജനുവരി 14നാണ് മകരവിളക്ക്.
ഇന്നലെ ഉച്ചയോടെ പമ്ബയിലെത്തിയ തങ്ക അങ്കിഘോഷയാത്രയെ ദേവസ്വം വകുപ്പു മന്ത്രി വി എൻ വാസവൻ്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. പതിനെട്ടാംപടിക്കു മുകളില്‍ ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ, ദേവസ്വം ബോർഡ് അംഗങ്ങളായ കെ രാജു, പി ഡി സന്തോഷ് കുമാർ, ദേവസ്വം കമ്മിഷണർ ബി സുനില്‍കുമാർ, എന്നിവരുടെ നേതൃത്വത്തില്‍ തങ്ക അങ്കി ഏറ്റുവാങ്ങി. തുടർന്ന് സോപാനത്തില്‍വച്ച് തന്ത്രി കണ്‌ഠര് മഹേഷ് മോഹനരും മേല്‍ശാന്തി ഇ ഡി പ്രസാദ് നമ്പൂതിരിയും സഹ ശാന്തിമാരും ചേർന്നു തങ്ക അങ്കി ഏറ്റുവാങ്ങി. ശ്രീകോവിലിനുള്ളിലേക്കു കൊണ്ടുപോയി. 6.40ന് തങ്ക അങ്കി ചാർത്തിയുള്ള മഹാ ദീപാരാധന നടന്നു. തുടർന്നു ഭക്തർക്ക് തങ്ക അങ്കി വിഭൂഷിതനായ അയ്യപ്പസ്വാമിയെ ദർശിക്കാൻ അവസരം ഒരുക്കി.

