റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച പത്മ പുരസ്കാരങ്ങളിൽ കേരളത്തിന് ഇത്തവണ അഭിമാന നേട്ടം. നടൻ മമ്മൂട്ടിയെയും എസ്എൻഡിപിയോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും പത്മഭൂഷൺ നൽകി രാജ്യം ആദരിച്ചു.
മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ, സുപ്രീം കോടതി മുൻ ജസ്റ്റിസ് കെ.ടി. തോമസ്, സാഹിത്യ-വിദ്യാഭ്യാസ മേഖലകളിൽ നിന്ന് പി. നാരായണൻ എന്നിവർക്ക് പത്മ വിഭൂഷണും ലഭിച്ചിട്ടുണ്ട്.രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ അഞ്ച് പേർക്ക് ലഭിച്ചതിൽ മൂന്ന് പേരും മലയാളികളാണ്.
ചലച്ചിത്ര താരം ധർമേന്ദ്രയ്ക്ക് മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ പ്രഖ്യാപിച്ചു. എ. മുത്തുനായകം (ശാസ്ത്ര സാങ്കേതികം), കലാമണ്ഡലം വിമലാ മേനോൻ, പ്രകൃതി സംരക്ഷണ പ്രവർത്തക കൊല്ലക്കൽ ദേവകി അമ്മ എന്നിവർക്ക് പത്മശ്രീ പുരസ്കാരങ്ങൾ ലഭിച്ചു. ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകൻ രോഹിത് ശർമ, വീരപ്പൻ വേട്ടക്ക് നേതൃത്വം നൽകിയ കെ. വിജയകുമാർ തുടങ്ങിവർക്കും പത്മ ശ്രീ പ്രഖ്യാപിച്ചിട്ടുണ്ട്.

