രാജസ്ഥാനിൽ ഇടഞ്ഞുനിൽക്കുന്ന കോൺഗ്രസ് നേതാക്കളായ സച്ചിൻ പൈലറ്റും, അശോക് ഗെലോട്ടുമായി കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ കൂടിക്കാഴ്ച നടത്തും. മുൻ മുഖ്യമന്ത്രി വസുന്ധര രാജെ സർക്കാരിന്റെ കാലത്ത് നടന്ന അഴിമതികളെക്കുറിച്ച് ഉന്നതതല അന്വേഷണം വേണമെന്നതാണ് പൈലറ്റിന്റെ ആവശ്യം. സംസ്ഥാന സർക്കാരിനോട് ഉന്നയിച്ച മൂന്ന് ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഈ മാസം അവസാനത്തോടെ സംസ്ഥാന വ്യാപകമായി പ്രക്ഷോഭം ആരംഭിക്കുമെന്ന് സച്ചിൻ പൈലറ്റ് നൽകിയ അന്തിമ ശാസനത്തിന്റെ അടിസ്ഥാനത്തിലാണ് കൂടിക്കാഴ്ച.
കർണാടകയിൽ സിദ്ധരാമയ്യയെയും ഡികെ ശിവകുമാറിനെയും ഒരുമിച്ച് കൊണ്ടുവരുന്നതിൽ ഖാർഗെ വിജയിച്ചുവെന്നും അതേ ഫോർമുല രാജസ്ഥാനിലും പരീക്ഷിക്കാൻ ആണ് പാർട്ടി ഒരുങ്ങുന്നത്. എല്ലാ സംസ്ഥാന നേതാക്കളുമായും കോൺഗ്രസ് ഉന്നതരുടെ യോഗം മെയ് 26 ന് നിശ്ചയിച്ചിരുന്നെങ്കിലും പിന്നീട് മാറ്റിവച്ചു. രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, തെലങ്കാന എന്നിവയുൾപ്പെടെ തിരഞ്ഞെടുപ്പ് നടക്കുന്ന എല്ലാ സംസ്ഥാനങ്ങളിലെയും നേതാക്കളുമായി കുറച്ച് ദിവസങ്ങൾക്ക് മുമ്പ് കോൺഗ്രസ് ഹൈക്കമാൻഡ് യോഗം നടത്താൻ പദ്ധതിയിട്ടിരുന്നതായും വിവിധ കാരണങ്ങളാൽ അത് മാറ്റിവച്ചതായും നേതാക്കൾ അറിയിച്ചിരുന്നു.