കർണാടക കുടക് ജില്ലയിൽ മടിക്കേരിക്കടുത്തുള്ള കഗോഡ്‌ലു ഗ്രാമത്തിലെ റിസോർട്ടിൽ മൂന്നംഗ കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തി. ശനിയാഴ്ച രാവിലെയാണ് മലയാളികളായ മൂന്നംഗ കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊല്ലം സ്വദേശി വിനോദ് ബാബുസേനൻ (43), ഭാര്യ ജിബി അബ്രഹാം (37) മകൾ ജെയ്ൻ മരിയ ജേക്കബ് (11) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തികപ്രശ്നങ്ങളെ തുടർന്ന് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറിയിച്ചു. ഇന്നലെ ഉച്ചയോടെയാണ് കുടുംബത്തെ മരിച്ച നിലയിൽ റിസോർട്ട് ജീവനക്കാർ കണ്ടത്. 11 വയസുകാരിയായ മകളെ കൊലപ്പെടുത്തി ദമ്പതികൾ ആത്മഹത്യ ചെയ്തതായാണ് പ്രാഥമിക നിഗമനം.
വെള്ളിയാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് കുടുംബം റിസോർട്ടിലെത്തിയത്. ശനിയാഴ്ച രാവിലെ 10 മണിക്ക് ചെക്ക് ഔട്ട് ചെയ്യാമെന്ന് വിനോദ് റിസോർട്ട് ജീവനക്കാരോട് പറഞ്ഞിരുന്നുവെങ്കിലും റൂം ഒഴിയാത്തതിനെ തുടർന്ന് ജീവനക്കാരിലൊരാൾ വാതിലിൽ മുട്ടിയെങ്കിലും തുറന്നില്ല. തുടർന്ന് അരമണിക്കൂറിന് ശേഷം വീണ്ടും വാതിലിൽ മുട്ടിയെങ്കിലും തുറക്കാത്തതിനെ തുടർന്ന് സംശയം തോന്നിയ ജീവനക്കാർ ജനലിലൂടെ നോക്കിയപ്പോഴാണ് ദമ്പതികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടതെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. വിനോദും ജിബിയും തൂങ്ങി നിൽക്കുന്ന നിലയിലും കുട്ടിയെ കിടക്കയിൽ മരിച്ച നിലയിലുമാണ് കണ്ടെത്തിയത് .കുട്ടിയെ കൊലപ്പെടുത്തിയ ശേഷം ഇരുവരും തൂങ്ങി മരിച്ചുവെന്നാണ് പൊലീസ് നിഗമനം.
മരണത്തിന് വേറാരും ഉത്തരവാദിയല്ലെന്ന് വിനോദും ജിബിയും എഴുതി ഒപ്പിട്ട ഒരു ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. മൃതദേഹങ്ങൾ കുടകിലെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. കൊല്ലത്തെ ബന്ധുക്കളെ വിവരമറിയിച്ചിട്ടുണ്ടെന്നും പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകുമെന്നും പൊലീസ് അറിയിച്ചു.