മഹാരാഷ്ട്രയുടെ ആദ്യ ഉദ്യോഗ് രത്‌ന പുരസ്‌കാരം രത്തൻ ടാറ്റയ്ക്ക് സമ്മാനിച്ചു. മഹാരാഷ്ട്ര ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ നൽകുന്ന (എംഐഡിസി) പൊന്നാടയും പ്രശസ്‌തി പത്രവും മെമന്റോയും അടങ്ങുന്നതാണ് ബഹുമതി. ടാറ്റ ഗ്രൂപ്പ് ചെയർമാൻ രത്തൻ ടാറ്റനെ മുംബൈയിലെ അദ്ദേഹത്തിന്റെ വസതിയിലെത്തി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയും ഉപമുഖ്യമന്ത്രിമാരായ അജിത് പവാറും ദേവേന്ദ്ര ഫഡ്‌നാവിസും ചേർന്ന് ഉദ്യോഗ് രത്‌ന പുരസ്‌കാരം നൽകി ആദരിച്ചു.
മഹാരാഷ്ട്ര സർക്കാർ ഈ വർഷം മുതലാണ് ഉദ്യോഗ് രത്‌ന അവാർഡ് ഏർപ്പെടുത്താൻ തീരുമാനിച്ചത്, ഈ അവാർഡ് ലഭിക്കുന്ന ആദ്യ വ്യക്തിയാണ് ടാറ്റ. ഉദ്യോഗ് രത്‌ന പുരസ്‌കാരത്തിനുള്ള ചടങ്ങ് ഞായറാഴ്‌ചയാണ് നടക്കുക. എന്നാൽ, അനാരോഗ്യം കാരണം രത്തൻ ടാറ്റ ചടങ്ങിൽ പങ്കെടുക്കില്ല. ഇതിനാലാണ് ശനിയാഴ്‌ച അദ്ദേഹത്തിന്റെ വസതിയിൽ വെച്ച് അവാർഡ് സമ്മാനിച്ചത്.
ടാറ്റാകമ്പനി ആറ് ഭൂഖണ്ഡങ്ങളിലായി 100ലധികം രാജ്യങ്ങളിലാണ് പ്രവർത്തിക്കുന്നത്. 2021-22ൽ ടാറ്റ കമ്പനികളുടെ മൊത്തം വരുമാനം 128 ബില്യൺ ഡോളറായിരുന്നു.