പ്രയാഗ്‌രാജിലെ മഹാകുംഭമേളയിൽ വൻ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. കുംഭമേള അവസാനിക്കാൻ 19 ദിവസം കൂടി ശേഷിക്കെ ഇതുവരെ എത്തിയത് 482.9 ദശലക്ഷം തീർത്ഥാടകരാണ്. ഇന്ന് ഗംഗ, യമുന എന്നിവയുടെ പുണ്യ സംഗമസ്ഥാനത്ത് പുണ്യസ്‌നാനം ചെയ്തത് ദശലക്ഷക്കണക്കിന് ഭക്തരാണ്. ഇന്നത്തെ ദിവസം മാത്രം, 1.47 ദശലക്ഷം പേരാണ് ത്രിവേണി സംഗമത്തിൽ പുണ്യസ്നാനം നടത്തിയത്. ഫെബ്രുവരി 12 രാവിലെ 10 മണി 482.9 ദശലക്ഷം ആളുകൾ പുണ്യസ്‌നാനം നടത്തിയതായാണ് റിപ്പോർട്ട്.
കഴിഞ്ഞ ദിവസം മാഘ പൂർണിമ ദിനമായിരുന്നു. മാഘ പൂർണിമ ദനത്തോടനുബന്ധിച്ച് വിപുലമായ ആഘോഷപരിപാടികളാണ് കുംഭമേളയിൽ സംഘടിപ്പിച്ചിരിക്കുന്നത്. അന്നത്തെ ദിവസം മാത്രം, 73.60 ലക്ഷം പേരാണ് ത്രിവേണി സംഗമത്തിൽ പുണ്യസ്നാനം നടത്തിയത്. ഏറ്റവും കൂടുതൽ പേർ പങ്കെടുത്തത് മൗനി അമാവാസിയിലായിരുന്നു. അന്ന് 8 കോടിയിലധികം പേരാണ് കുംഭമേളയിൽ പങ്കെടുത്തത്. മകരസംക്രാന്തിയിലും ബസന്ത് പഞ്ചമിയിലും യഥാക്രമം 3.5 കോടി ഭക്തരും 2.5 കോടിയിലധികം ഭക്തരും പങ്കെടുത്തു.ജനുവരി 30, ഫെബ്രുവരി 1 തുടങ്ങിയ മറ്റ് ദിവസങ്ങളിലും 2 കോടിയിലധികം ആളുകൾ വീതം പങ്കെടുത്തു. പൗഷ പൂർണിമയിൽ 1.7 കോടിയിലധികം പേർ പങ്കെടുത്തു.
തിരക്ക് വർദ്ധിച്ചു വരുന്നതിനാൽ കനത്ത സുരക്ഷയാണ് സർക്കാർ ഒരുക്കിയിരിക്കുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ലഖ്നൗവിൽ നിന്നും പരിപാടികൾ നിരീക്ഷിച്ചിരുന്നു. പുലർച്ചെ 4 മണി മുതൽ തന്നെ യോഗി ലഖ്നൗവിലെ ഔദ്യോഗിക വസതിയിലെ വാർ റൂമിൽ നിന്നും സ്ഥിതിഗതികൾ നിരീക്ഷിച്ചിരുന്നതായി സംസ്ഥാന സർക്കാർ പ്രസ്താവനയിൽ അറിയിച്ചു.