മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ഫണ്ട് വകമാറ്റിയ കേസിലെ പരാതിക്കാരൻ ശശികുമാറിനെതിരെ രൂക്ഷമായ ആക്ഷേപമുയർത്തി ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്. ‘പേപ്പട്ടിയെ കണ്ടാൽമാറി നടക്കും, വായിൽ കോലിടുന്ന നിലപാടല്ല തങ്ങളുടേത്’- ശശികുമാറിനെതിരെ ലോകായുക്ത പ്രതികരിച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വകുപ്പുമാറ്റൽ റിവ്യു ഹർജി പരിഗണിക്കുന്നത് ബുധനാഴ്ചത്തേക്ക് മാറ്റി. ഹർജി ലോകായുക്ത നിയമപരിധിയിൽ വരുമോ എന്ന് പരിശോധിക്കാൻ മൂന്നംഗ ബഞ്ചിന് വിട്ടു കൊണ്ടുള്ള വിധി പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടായിരുന്നു ഹർജിക്കാരൻ ആർ.എസ്. ശശികുമാർ റിവ്യു ഹർജി നൽകിയത്. അതേസമയം ആർ.എസ്. ശശികുമാറിന്റേത് ജഡ്ജിമാരെ അധിക്ഷേപിക്കുന്ന നിലപാടെന്ന് ഹാറൂൺ അൽ റഷീദ് പറഞ്ഞു. ശശികുമാറിന് ഞങ്ങളെ വിശ്വാസമില്ലെന്നാണ് പറയുന്നത്. ജഡ്ജിമാരെ അപകീർത്തിപ്പെടുത്തുന്ന രീതിയിലാണ് അദ്ദേഹം പറയുന്നത്. ആരോ സ്വാധീനം ചെലുത്തിയെന്നൊക്കെയാണ് പറയുന്നത്. എന്തോ കണക്കുകൂട്ടിയാണ് അദ്ദേഹം പറയുന്നതെന്നും ജസ്റ്റിസ് ഹാറൂൺ അൽ റഷീദ് കുറ്റപ്പെടുത്തി. കോടതിയിൽ പറയേണ്ട കാര്യമേ പറയാവൂവെന്നും ലോകായുക്ത. വഴിയിൽ ഒരു പേപ്പട്ടി കുരക്കുന്നത് കണ്ടാൽ അതിന്റെ വായിൽ കോലിടാതെ മാറിപ്പോകുന്ന നിലപാടാണ് തങ്ങളുടേത് എന്ന് ലോകായുക്ത സിറിയക് ജോസഫ് പറഞ്ഞു.
എന്നാൽ താൻ വിമർശിച്ചത് ലോകായുക്തയെ അല്ലെന്നും ലോകായുക്തയുടെ നടപടികളെയാണെന്നും ആർ.എസ്. ശശികുമാർ പറഞ്ഞു. വിധിയിൽ വ്യക്തത ഇല്ലാത്തത് കൊണ്ടാണ് റിവ്യൂ ഹർജി നൽകിയതെന്നും ശശികുമാർ കൂട്ടിച്ചേർത്തു. മോശമായ ഭാഷയില്‍ സംസാരിച്ചിട്ടില്ല. ഹര്‍ജിക്കാരന് ആശങ്കയുണ്ടാകുമ്പോള്‍ ആ ആശങ്ക പുറത്ത് പ്രകടിപ്പിക്കാന്‍ ഹര്‍ജിക്കാരന് അവകാശമുണ്ടെന്നും ശശികുമാർ പറഞ്ഞു.