കളമശേരി മെഡിക്കൽ കോളജിൽ ലിഫ്ട് പ്രവർത്തിക്കാതിരുന്നതിനെ തുടർന്ന് മൃതദേഹം ചുമന്ന് ഇറക്കേണ്ടി വന്ന സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. പൊള്ളലേറ്റ് ചികില്‍സയിലിരിക്കെ മരിച്ച കാലടി സ്വദേശിയുടെ മൃതദേഹം സ്ട്രെച്ചറില്‍ ചുമന്നാണ് താഴെയെത്തിച്ചത്. സംഭവത്തിൽ ആശുപത്രി അധികൃതർക്കെതിരെ മരിച്ചയാളുടെ കുടുംബം രംഗത്ത് വന്നു.
80 ശതമാനം പൊള്ളലേറ്റ സുകുമാരനെ ഇക്കഴിഞ്ഞ 19 ന് ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കുമ്പോഴും ലിഫ്ട് പ്രവർത്തിച്ചിരുന്നില്ല. പിന്നീട് ഇദ്ദേഹത്തെ സ്ട്രച്ചറിൽ കിടത്തി ചുമന്നാണ് കളമശേരി മെഡിക്കൽ കോളേജിലെ പൊള്ളലേറ്റയാളുകളെ ചികിത്സിക്കുന്ന വിഭാഗം ഉള്ള മൂന്നാമത്തെ നിലയിലേക്ക് കൊണ്ടുപോയത്. 80 ശതമാനം പൊള്ളലേറ്റതിനെ തുടർന്ന് ആദ്യം ആലുവ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പ്രാഥമിക ചികിത്സ നൽകിയ ശേഷം മെഡിക്കൽ കോളജിലേയ്ക്ക് അയയ്ക്കുകയായിരുന്നു. എന്നാൽ മെഡിക്കൽ കോളേജിൽ എത്തിയപ്പോൾ ലിഫ്റ്റ് പ്രവർത്തിച്ചിരുന്നുമില്ല. ആശുപത്രിയിലെ രണ്ട് ജീവനക്കാരും സുകുമാരനെ ആശുപത്രിയിലേക്ക് കൊണ്ടുപോയ നാട്ടുകാരും ചേർന്നാണ് മുകളിലേക്ക് ചുമന്നുകൊണ്ടുപോയത്. തൊട്ടടുത്ത ദിവസം സുകുമാരൻ മരിച്ചു. അപ്പോഴും ചുമന്ന് തന്നെ മൃതദേഹം താഴെയിറക്കേണ്ടിവന്നതാണ് പ്രതിഷേധത്തിന് കാരണം. ആശുപത്രി അധികൃതരുടെ അനാസ്ഥയിൽ മതിയായ സൗകര്യങ്ങൾ ലഭിക്കാതെ മരിച്ചു എന്നാണ് ബന്ധുക്കൾ ആരോപണം ഉന്നയിക്കുന്നത്.
മെഡിക്കൽ കോളജ് ആശുപത്രിയിൽ ഏതാനും ആഴ്ചകളായി ലിഫ്റ്റ് പ്രവർത്തന രഹിതമായിരുന്നു എന്നും സമയാ സമയങ്ങളിൽ ഇത്തരം കാര്യങ്ങളിൽ അറ്റകുറ്റപ്പണി നടക്കുന്നതിൽ കടുത്ത വീഴ്ച വരുന്നതായും ആരോപണമുണ്ട്. അതെ സമയം മെഡിക്കൽ കോളേജിൽ പുതിയ ലിഫ്റ്റ് നിർമാണം പുരോഗമിക്കുകയാണ്. ഇത് ഉടൻ പൂർത്തിയാകുമെന്നും അധികൃതർ അറിയിച്ചു.