വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ മാർപാപ്പയായി ലിയോ പതിനാലാമൻ സ്ഥാനമേറ്റു. സെന്‍റ് പീറ്റേഴ്സ് ചത്വരത്തിലെ പ്രധാന വേദിയിലാണ് ചടങ്ങുകള്‍ നടന്നത്. വിശുദ്ധ പത്രോസിന്‍റെ കബറിടത്തിലെത്തി പ്രാര്‍ത്ഥിച്ചതിന് ശേഷമാണ് സെന്‍റ് പീറ്റേഴ്സ് ചത്വരത്തിലേക്കുള്ള പ്രദക്ഷിണം ആരംഭിച്ചത്. സെന്‍റ് പീറ്റേഴ്സ് ചത്വരത്തിലെ പ്രധാന വേദിയിലാണ് ചടങ്ങുകള്‍ നടന്നത്. തുടർന്ന് മാർപാപ്പ കുര്‍ബാന അർപ്പിച്ചു. കുര്‍ബാനമധ്യേ വലിയ ഇടയന്‍റെ വസ്ത്രവും സ്ഥാനമോതിരവും ഏറ്റുവാങ്ങി വിശുദ്ധ പത്രോസിന്‍റെ പിന്‍ഗാമിയായി മാര്‍പാപ്പ സഭയുടെ സാരഥ്യം ഏറ്റെടുത്തു. കർദ്ദിനാൾ ലൂയിസ് അന്റോണിയോ ടാഗിളിൽ നിന്നാണ് മാർപ്പാപ്പ മുക്കുവന്റെ മോതിരം (പിസ്കറ്ററി റിങ്) സ്വീകരിച്ചത്.
സമാധാനം പുലരുന്ന പുതിയ ലോകം സാധ്യമാകണമെന്ന് സ്ഥാനമേറ്റ ചടങ്ങിൽ മാര്‍പാപ്പ പറഞ്ഞു. രണ്ടു മണിക്കൂറോളം നീണ്ടു നിന്ന ചടങ്ങുകള്‍ക്കൊടുവിലാണ് ലെയോ പതിനാലാമൻ മാര്‍പാപ്പയായി സ്ഥാനമേറ്റത്.”എന്റെ മിടുക്കുക്കൊണ്ടല്ല മാർപ്പാപ്പ ആയത്. ദൈവസ്നേഹത്തിന്റെ വഴിയേ നടക്കാനാണ് ആഗ്രഹിക്കുന്നത്. ക്രിസ്തുവിന്റെ സ്നേഹം മറ്റുള്ളവരിലേക്ക് നൽകുന്നതിനുവേണ്ടിയാണ് നമ്മൾ വിളിക്കപ്പെട്ടിരിക്കുന്നത്. ഇത് സ്നേഹത്തിന്റെ സമയമാണ്. പരസ്പരം സ്നേഹിച്ച് ദൈവത്തിങ്കലേക്ക് നടക്കാം. സംഘർഷങ്ങൾ ഒഴിവാക്കി സഹജീവികളെ മനസിലാക്കി ജീവിക്കാം”- അദ്ദേഹം പറഞ്ഞു. മറ്റുള്ളവരിലെ വ്യത്യാസങ്ങളെ ഇല്ലാതാക്കനല്ല ശ്രമിക്കേണ്ടത്. മറിച്ച് മറ്റുള്ളവരുടെ സാമൂഹികവും ആത്മീയവുമായ സംസ്കാരങ്ങളെയും മൂല്യങ്ങളെയും മനസിലാക്കുകയെന്നാതാണ് പ്രധാനം. അദ്ദേഹം വ്യക്തമാക്കി.