കൊച്ചി: ഇനിമുതൽ സാങ്കേതിക സർവകലാശാലയുടെ കീഴിലുള്ള കോളേജുകൾക്ക് ആർത്തവ അനുമതി നൽകാൻ തീരുമാനമായി. അടുത്ത സിൻഡിക്കേറ്റിനു ശേഷം മാത്രമേ അവധി എത്ര ശതമാനം എന്നത് സംബന്ധിച്ച കാര്യങ്ങളിൽ വ്യക്തത വരുള്ളൂ. കെ ടി യു ബോർഡ് ഓഫ് ഗവേണൻസ് യോഗത്തിന്റെ തീരുമാനത്തിന് സിൻഡിക്കേറ്റ് അംഗീകാരം നൽകിയിട്ടുണ്ട്. ആർത്തവസമയത്ത് വിദ്യാർത്ഥിനികൾ അനുഭവിക്കുന്ന മാനസിക – ശാരീരിക ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണ് താരുമാനം.
സംസ്ഥാനത്ത് ആദ്യമായി ആർത്തവ അവധി കൊണ്ടുവന്നത് കുസാറ്റ് ആണ്.എല്ലാ ആർത്തവചക്രത്തിലും രണ്ടുദിവസം അവധി വേണം എന്നായിരുന്നു കുസാറ്റിലെ വിദ്യാർത്ഥിനികൾ ആവശ്യപ്പെട്ടത്. ആർത്തവ അവധി ഉൾപ്പെടെ വർഷത്തിൽ 24 ദിവസത്തെ അവധി പ്രായോഗിക ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. തുടർന്ന് സ്റ്റുഡൻസ് കൗൺസിൽ സർവകലാശാല അധികൃതരുമായി ചർച്ച നടത്തി ഹാജർ കുറവിന് മൊത്തം ഹാജർ ദിവസങ്ങളുടെ രണ്ട് ശതമാനം ആർത്തവ ആനുകൂല്യമായി നൽകുക എന്ന തീരുമാനത്തിൽ എത്തി. ഓരോ സെമസ്റ്ററിലും പരീക്ഷ എഴുതാൻ വേണ്ട ഹാജരിൽ 2% ഇളവ് പെൺകുട്ടികൾക്ക് ഇതിലൂടെ ലഭിക്കും. കുസാറ്റിന്റെ പുതിയ നടപടി ഏറെ പ്രശംസ പിടിച്ചു പറ്റിയതോടെ കുസാറ്റ് മാതൃക മറ്റ് ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ കോളേജുകളിലേക്കും നടപ്പാക്കുമെന്ന് മന്ത്രി ആർ ബിന്ദു പറഞ്ഞിരുന്നു.