കോട്ടയം മെഡിക്കൽ കോളേജിൽ തകർന്നുവീണ കെട്ടിടത്തിനുള്ളിൽ കുടുങ്ങിപ്പോയി മരിച്ച തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന് വിടചൊല്ലി നാട്. ബിന്ദുവിന്റെ മൃതദേഹം സംസ്കരിച്ചു. സ്വന്തമായി സ്ഥലം ഇല്ലാത്തതിനാൽ സഹോദരിയുടെ വീട്ടുവളപ്പിൽ ആയിരുന്നു സംസ്കാരം. ബിന്ദുവിനെ അവസാനമായി ഒരു നോക്ക് കാണാനും ആദരാജ്ഞലി അർപ്പിക്കാനും ഒരു നാട് മുഴുവൻ തലയോലപ്പറമ്പിലെ വീട്ടിലേക്ക് ഒഴുകിയെത്തിയിരുന്നു. ഇന്നലെ കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം ഇടിഞ്ഞുവീണ് മരിച്ച തലയോലപ്പറമ്പ് കുന്നിൽ വിശ്രുതന്റെ ഭാര്യ ഡി. ബിന്ദുവിന്‍റെ മൃതദേഹം പണിതീരാത്ത വീടിന്റെ മുറ്റത്താണ് പൊതുർശനത്തിന് വെച്ചത്.
മകൾ നവമിയുടെ ചികിത്സക്ക് കൂട്ടിരിപ്പുകാരിയായി കോട്ടയം മെഡിക്കൽ കോളേജിൽ എത്തിയതായിരുന്നു ബിന്ദു. ഇന്നലെ രാവിലെ 11 മണിയോടെ തകർന്നു വീണ കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ രണ്ടര മണിക്കൂർ നേരമാണ് ബിന്ദു കുടുങ്ങിക്കിടന്നത്. പുറത്തെടുത്തപ്പോൾ തന്നെ മരണം സംഭവിച്ചിരുന്നു. ബിന്ദുവിന്‍റെ കുടുംബത്തിന്‍റെ സങ്കടം ഒരു നാടിന്‍റെ മുഴുവന്‍ സങ്കടമായി മാറുന്ന കാഴ്ചയാണ് ഇന്ന് തലയോലപ്പറമ്പിലെ വീട്ടിൽ കണ്ടത്.
‘അമ്മേ… എന്നെ ഇട്ടിട്ട് പോകല്ലമ്മേ.. കോട്ടയം മെഡിക്കൽ കോളേജ് ഇടിഞ്ഞ് വീണുണ്ടായ അപകടത്തിൽ മരണപ്പെട്ട ബിന്ദുവിന്റെ മകന്റെ നിലവിളി കൂടെയുണ്ടായിരുന്നവരുടെ കരളലിയിച്ചു. ഫ്രീസറിന് സമീപം മകൾ നവമിയും ഭർത്താവ് വിശ്രുതനും വയോധികയായ അമ്മയും കരഞ്ഞ് തളർന്നിരിക്കുന്നതും നൊമ്പരക്കാഴ്ചയായി. “അവളാണ് രണ്ട് കുഞ്ഞുങ്ങളേയും നോക്കുന്നത്. തുണിക്കടേൽ പോയി കിട്ടുന്ന കാശും എന്റെ പെൻഷനും കൊണ്ടാണ് ജീവിക്കുന്നത്. കിളക്കാനും മണ്ണ് കോരാനും പോകല്ലേന്ന് ഞാൻ മോനോട് പറഞ്ഞതാ എന്റെ പൊന്ന് സാറൻമാരേ… ഞാനെന്ത് ചെയ്യും മക്കളേ.. എന്റെ കുഞ്ഞുങ്ങളെ എന്തുചെയ്യും മക്കളേ… അമ്മേ ഇല്ലായ്മയൊന്നും ആരോടും പറയല്ലേ അമ്മേന്ന് അവള് പറയുമായിരുന്നു …’ ബിന്ദുവിന്റെ അമ്മ സീതാലക്ഷ്മിയുടെ തേങ്ങൽ അടക്കാൻ ആർക്കും സാധിക്കുമായിരുന്നില്ല.
ആദ്യമായി കിട്ടിയ ശമ്പളം ഇന്നലെ അമ്മയുടെ കയ്യിലേല്‍പിക്കാൻ കാത്തിരുന്നതാണ് മകന്‍ നവനീത്. ആ സന്തോഷത്തിന് കാത്തുനിൽക്കാതെ തന്നെ വിട്ടുപോയ അമ്മയെ വിളിച്ച് നെഞ്ചുപൊട്ടി നിലവിളിക്കുകയാണ് നവനീത്. അമ്മയെ രക്ഷിക്കാന്‍ താന്‍ ആരെയൊക്കെ വിളിച്ചെന്ന് പറഞ്ഞ് വാവിട്ട് കരഞ്ഞ നവനീതിനെ ആശ്വസിപ്പിക്കാൻ ആര്‍ക്കും വാക്കുകളുണ്ടായിരുന്നില്ല
മകളുടെ ചികിത്സാർഥം ബിന്ദു ദിവസങ്ങൾക്കുമുമ്പാണ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിയത്. അമ്മയെ കാണാനില്ലെന്ന് മകൾ ആവർത്തിച്ചതിനെത്തുടർന്ന് അപകടം നടന്ന് മണിക്കൂറുകൾക്ക് ശേഷം ജെ.സി.ബി ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് ബിന്ദുവിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. മകൾ നവമിയെ (20) ശസ്ത്രക്രിയക്ക് ന്യൂറോ സർജറി വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. മൂന്നാഴ്ച ആശുപത്രിയിൽ അഡ്മിറ്റായി ചികിത്സക്കുശേഷമാണ് ശസ്ത്രക്രിയ തീരുമാനിച്ചിരുന്നത്.
ഇതിനായി ജൂലൈ ഒന്നിനാണ് വിശ്രുതനും ബിന്ദുവും മകൾ നവമിയുമായി ആശുപത്രിയിൽ എത്തിയത്. ട്രോമ കെയർ വിഭാഗത്തിലാണ് നവമിയെ പ്രവേശിപ്പിച്ചിരുന്നത്. അപകടമുണ്ടായ സമയത്ത് അവിടെ മറ്റ് സ്ത്രീകളും ഉണ്ടായിരുന്നു. എന്നാൽ, കെട്ടിടം തകരുന്ന ശബ്ദംകേട്ട് പലരും അവിടെനിന്ന് മാറി. കുളിക്കുന്നതിനിടെയായിരുന്നു അപകടം എന്നതിനാലാകാം ബിന്ദുവിന് രക്ഷപ്പെടാൻ കഴിയാതിരുന്നത്.
ഇന്നലെ രാത്രി മെഡിക്കൽ കോളജിൽനിന്ന് പോസ്റ്റ്മോർട്ടത്തിനുശേഷം വിട്ടുനൽകിയ മൃതദേഹം മുട്ടുചിറയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലാണ് സൂക്ഷിച്ചിരുന്നത്. തുടർന്ന് രാവിലെയാണ് തലയോലപ്പറമ്പിലെ വീട്ടിലെത്തിച്ച് പൊതുദർശനത്തിന് വെച്ചത്.