സംസ്ഥാനത്ത് മുൻപെങ്ങുമില്ലാത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് ധനമന്ത്രി നിയമസഭയിൽ ആവർത്തിച്ചു. പ്രതിസന്ധിക്ക് അതിന് ആധാരമായ ഘടകങ്ങൾ സംസ്ഥാനത്തിന്റെ നിയന്ത്രണത്തിന് പുറത്തുള്ളതാണെന്നും പറഞ്ഞു. കേന്ദ്രം കേരളത്തെ സാമ്പത്തികമായി ശ്വാസം മുട്ടിക്കുകയാണ്. മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഫണ്ടുകൾ വെട്ടിക്കുറയ്ക്കുന്നു. ഗ്രാന്റ് വെട്ടിക്കുറച്ചു. ജിഎസ് ടി നഷ്ടപരിഹാരമില്ല. എല്ലാ രീതിയിലും കേന്ദ്രം കേരളത്തെ വരിഞ്ഞ് മുറുക്കുകയാണ്. ഇതിനെതിരെ സംസ്ഥാനം ഒറ്റക്കെട്ടായി നിൽക്കണമെന്നും ധനമന്ത്രി അഭ്യർത്ഥിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് റവന്യൂ കമ്മി ഗ്രാൻറിൽ നടപ്പ് സാമ്പത്തിക വർഷം 6,716 കോടി രൂപയുടെ കുറവുണ്ടായി. ചരക്ക് സേവന നികുതി നടപ്പിലാക്കിയപ്പോൾ ഉണ്ടാകുന്ന വരുമാന നഷ്ടത്തിനുള്ള നഷ്ടപരിഹാരം തുടരുന്ന കാര്യത്തിൽ അനുകൂല തീരുമാനം ഉണ്ടായിട്ടില്ല. അതിനാൽ ഈ ഇനത്തിൽ നടപ്പ് സാമ്പത്തിക വർഷം മാത്രം സംസ്ഥാനത്തിന് ഏതാണ്ട് ഒൻപതിനായിരം കോടി രൂപയുടെ നഷ്ടമാണ് പ്രതീക്ഷിക്കുന്നത് എന്നും ധനമന്ത്രി പറഞ്ഞു.
അതെ സമയം കേരളം സാമ്പത്തികമായി തകർന്നുവെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ കുറ്റപ്പെടുത്തി. കേരളത്തേക്കാൾ തകർന്ന നാലു സംസ്ഥാനങ്ങളുടെ പേര് പറഞ്ഞ് നമ്മൾ മെച്ചമാണെന്ന് വേണമെങ്കിൽ പറയാമെന്നും തിരുവഞ്ചൂർ പരിഹസിച്ചു. സംസ്ഥാനത്ത് ധൂർത്തും കെടുകാര്യസ്ഥതയുമാണെന്നും സാമ്പത്തിക പ്രതിസന്ധിക്ക് കാരണമിതാണെന്നും രമേശ് ചെന്നിത്തലയും തുറന്നടിച്ചു