പാറശ്ശാല ഷാരോണ്‍ വധക്കേസിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. നെയ്യാറ്റിൻകര സെഷൻസ് കോടതിയിലാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. കാമുകനായിരുന്ന ഷാരോണിനെ ഒഴിവാക്കാൻ ഒന്നാം പ്രതി ഗ്രീഷ്മ കഷായത്തിൽ വിഷം കലർത്തി കൊന്നതായാണ് കുറ്റപത്രത്തില്‍ പറയുന്നത്. കൊലപാതകവും തെളിവ് നശിപ്പിക്കലും ചുമത്തിയാണ് കുറ്റപത്രം. സംഭവത്തിൽ ഗൂഢാലോചന നടന്നിട്ടില്ലെന്നും തെളിവ് നശിപ്പിക്കാൻ ഗ്രീഷ്മയുടെ അമ്മ സിന്ധുവും അമ്മാവൻ നിർമലകുമാരൻ നായരും കൂട്ട് നിന്നുവെന്നും കുറ്റപത്രത്തിൽ പറയുന്നു. കേസിലെ രണ്ടും മൂന്നും പ്രതികളാണ് ഇവർ. ഗ്രീഷ്മയെ അറസ്റ്റ് ചെയ്ത് 85 മത്തെ ദിവസമാണ് കുറ്റപത്രം നൽകിയിരിക്കുന്നത്
മറ്റൊരാളുമായി വിവാഹം നിശ്ചയിച്ചശേഷം ഷാരോണിനെ ഒഴിവാക്കാൻ ഗ്രീഷ്മ തീരുമാനിച്ചു. കഴിഞ്ഞ വർഷം ഒക്ടോബർ 14നാണ് തമിഴ്നാട് പളുകലിലുള്ള വീട്ടിൽ വച്ച് ഗ്രീഷ്മ, ഷാരോണിന് കഷായത്തിൽ വിഷം കലക്കി നൽകുന്നത്. ശാരീരിക അസ്വാസ്ഥ്യതയുണ്ടായ ഷാരോണിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും 25ന് മരിക്കുകയും ചെയ്തു. ഇതിന് മുമ്പ് ഷാരോണിന്റെ കോളേജിൽ പോയി മടങ്ങിയ വരുന്ന വഴിയും ജൂസിൽ പാരസറ്റമോള്‍ കലത്തി ഗ്രീഷ്മ നൽകിയിരുന്നു. അന്നും അസ്വസ്ഥകളെ തുടർന്ന് ആശുപത്രിയിലായ ഷാരോണ്‍ രക്ഷപ്പെട്ടു. ഇതിന് ശേഷമാണ് വിഷം നൽകാൻ തീരുമാനിച്ചത്.
മരണമൊഴിയിൽ പോലും ഷാരോണ്‍ കാമുകിയായിരുന്ന ഗ്രീഷ്മയെ സംശയിച്ചില്ല. ആദ്യം പാറശ്ശാല പൊലീസ് സാധാരണമരണമെന്ന നിഗമനത്തിലെത്തി. പിന്നീട് പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലും ചോദ്യം ചെയ്യലിനുമൊടുവിലാണ് ഗ്രീഷ്മ കുറ്റസമ്മതം നടത്തിയത്.