തിരുവനന്തപുരം: ഏറെനാളുകളായി നീണ്ടു നിന്ന ഗവർണറും സംസ്ഥാന സർക്കാരും തമ്മിലുള്ള പോര് മറ്റൊരു തലത്തിലേക്ക് നീങ്ങുകയാണ്. വൈസ് ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ മാറ്റാൻ കഴിഞ്ഞ ആഴ്ച ചേർന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് സംസ്ഥാന സമിതി യോഗങ്ങൾ സർക്കാരിന് അനുമതി നൽകിയിരുന്നു. ഇതിന് ആവശ്യമായ നിയമോപദേശങ്ങൾ സർക്കാർ തേടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ഗവർണറെ മാറ്റാൻ ഓർഡിനൻസ് ഇറക്കാൻ മന്ത്രിസഭായോഗം തീരുമാനം എടുത്തിരിക്കുന്നത്. അതേസമയം, സർക്കാർ നിയമസഭയിൽ ബിൽ പാസാക്കിയാലും നിയമമാകാൻ ഗവർണർ ഒപ്പിടണം.
ഗവർണർക്ക് പകരം മന്ത്രിമാരേയോ ഉന്നത വിദ്യാഭ്യാസ രംഗത്തെ വിദഗ്ധരേയോ ചാൻസലർ സ്ഥാനത്തേക്ക് പരിഗണിക്കാൻ ആണ് മന്ത്രിസഭാ യോഗം തീരുമാനം. കേരള, കാലിക്കറ്റ്, കണ്ണൂർ, എംജി, സംസ്‌കൃതം, മലയാളം, സർവകലാശാലകൾക്ക് എല്ലാം കൂടി ഒരു ചാൻസലർ. കുസാറ്റ് , ഡിജിറ്റൽ , സാങ്കേതിക സർവകലാശാലകൾക്ക് പൊതുവായി ഒരു ചാൻസലർ, ആരോഗ്യ സർവകലാശാലക്കും ഫിഷറീസ് സർവകലാശാലയ്ക്കും പ്രത്യേകം ചാൻസലർ ഇങ്ങനെയാണ് പുതിയ ഓർഡിനൻസിൽ സർക്കാർ ലക്ഷ്യമിടുന്നത്. പ്രതിപക്ഷ പിന്തുണയോടെ ബിൽ പാസാക്കനാണ് സർക്കാർ നീക്കം. എന്നാൽ ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ മാറ്റാനുള്ള നീക്കം അംഗീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചു.