നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആദ്യ മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ മികച്ച പോളിങ് രേഖപ്പെടുത്തുന്നു. മീനച്ചൂടിനെ വെല്ലുന്ന രീതിയിൽ ആണ് പലയിടത്തും തെരെഞ്ഞെടുപ്പ് ചൂട്. രാവിലെ മുതൽ നഗര-ഗ്രാമ വ്യത്യാസമില്ലാതെ പോളിങ് ബൂത്തുകളിൽ നല്ല തിരക്ക് അനുഭവപ്പെടുന്നുണ്ട്. 11 മണിയോടെ പോളിങ് 30ശതമാനം കടന്നു. എന്നാൽ 12.30 ഓടെ 41ശതമാനം പോളിംഗ് രേഖപ്പെടുത്തി. ഏറക്കുറേ എല്ലാ ജില്ലകളിലും 12 മണി പിന്നിട്ടപ്പോൾ തന്നെ പോളിങ് 40 ശതമാനം കടന്നു. കടുത്ത ചൂട് കണക്കിലെടുത്ത് രാവിലെ തന്നെ വോട്ട് ചെയ്യാൻ ആളുകൾ കൂട്ടമായിഎത്തി. എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്നാണ് സൂചന. 883 സ്ഥാനാർത്ഥികൾ 23 ദിവസം നടത്തിയ ചൂടേറിയ പ്രചാരണത്തിനൊടുവിലാണ് കേരളം പോളിംഗ് ബൂത്തിലെത്തുന്നത്.
രാവിലെ 7 മുതൽ വൈകിട്ട് 6 മണി വരെയാണ് വോട്ടെടുപ്പ് നടക്കുന്നത്. 140 മണ്ഡലങ്ങളിലെ 30,495 ബൂത്തുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. 883 സ്ഥാനാർഥികള്‍ മത്സരരംഗത്തുണ്ട്. 2.71 കോടി വോട്ടർമാരാണ് വിധിയെഴുതുന്നത്. തെരഞ്ഞെടുപ്പിനായി 30,471 പോളിംഗ് സ്റ്റേഷനുകളും 24 ഓക്സിലറി ബൂത്തുകളും സജ്ജീകരിച്ചിട്ടുണ്ട്. 1200-ല്‍ അധികം വോട്ടർമാരുള്ള ബൂത്തുകള്‍ക്ക് പ്രത്യേക ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. 352 ബൂത്തുകള്‍ വനിതകള്‍ നിയന്ത്രിക്കുന്നതും 37 ബൂത്തുകള്‍ ഭിന്നശേഷിക്കാർ നിയന്ത്രിക്കുന്നതുമാണ്. വീട്ടില്‍ വോട്ട് ചെയ്യാനുള്ള സൗകര്യം ഉപയോഗിച്ച് 98 ശതമാനം പേർ ഇതിനകം വോട്ട് രേഖപ്പെടുത്തി. പോളിംഗ് ഉദ്യോഗസ്ഥരില്‍ 40 ശതമാനം പേർ ഇതിനകം വോട്ട് രേഖപ്പെടുത്തി.
കേരളത്തിൽ ഒറ്റ ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുന്നത്. ഏപ്രില്‍ 29-ന് വൈകിട്ട് 6.30 വരെ എക്സിറ്റ് പോളുകള്‍ പ്രസിദ്ധീകരിക്കാൻ വിലക്കുണ്ട്. അഭിപ്രായ സർവേകള്‍ക്ക് ഇന്ന് വൈകിട്ട് ആറുമുതല്‍ പോളിംഗ് അവസാനിക്കുന്നത് വരെ നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെയും വോട്ടെടുപ്പ് പൂർത്തിയാകാതെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവിടാൻ പാടില്ല. ഏപ്രിൽ 9 രാവിലെ 7 മണി മുതൽ ഏപ്രിൽ 29 വൈകുന്നേരം 6.30 വരെ എക്സിറ്റ് പോൾ ഫലങ്ങൾ പ്രസിദ്ധീകരിക്കുന്നതോ പ്രചരിപ്പിക്കുന്നതോ തിരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കിയിട്ടുണ്ട്.

