കല്‍പാത്തി രഥോത്സവത്തോടനുബന്ധിച്ച് നവംബര്‍ 15ന് പാലക്കാട് താലൂക്കിലെ എല്ലാ സര്‍ക്കാര്‍ ഓഫിസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. മുന്‍ നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്ക് അവധി ബാധകമായിരിക്കില്ല. ഇന്നാണ് ഒന്നാം തേരുത്സവം. നാളെ രണ്ടാം തേരുത്സവം ആഘോഷിക്കും. 15നു മൂന്നാം തേരുത്സവ ദിനത്തിൽ വൈകിട്ടാണ് ദേവരഥസംഗമം. ആറു തേരുകളാണ് രഥോത്സവത്തിൽ പങ്കുകൊള്ളുന്നത്. ഇവ മുഖാമുഖം എത്തുന്നതാണ് രഥസംഗമം.
ഭാരതപ്പുഴയുടെ പോഷകനദിയായ കൽപ്പാത്തിപ്പുഴയുടെ കരയിൽ സ്ഥിതി ചെയ്യുന്ന ശിവപാർവതി ക്ഷേത്രമാണ് കൽപ്പാത്തി ശ്രീ വിശാലാക്ഷീ സമേത വിശ്വനാഥ ക്ഷേത്രം. ഇന്ന് ക്ഷേത്രത്തിൽ പൂജകൾക്കു ശേഷം 11.30ക്ക് രഥാരോഹണ ചടങ്ങ് നടന്നു. തുടർന്നു 3 രഥങ്ങളും ഗ്രാമപ്രദക്ഷിണം തുടങ്ങി. ആർപ്പുവിളികളോടെ സ്ത്രീകൾ ഉൾപ്പെടെയുള്ള ഭക്തരാണ് തേരുവലിച്ചത്. ഇന്ന് തേര് വലിക്കാൻ സ്ഥാനാർത്ഥികളും നേതാക്കളും എത്തിയിരുന്നു. സമീപ ക്ഷേത്രങ്ങളുമായി ചേർന്നാണിത് നടക്കുന്നത്.
പുതിയ കൽപാത്തി മന്തക്കര മഹാഗണപതി ക്ഷേത്രത്തിൽ രഥാരോഹണം വ്യാഴാഴ്‌ചയാണ്. പഴയ കൽപാത്തി ലക്ഷ്‌മീനാരായണ പെരുമാൾ ക്ഷേത്രത്തിൽ ബുധനാഴ്ച വൈകീട്ട് മോഹിനി അലങ്കാരവും വ്യാഴാഴ്ച വൈകീട്ട് കുതിരവാഹന അലങ്കാരവും ഉണ്ടാകും. ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രത്തിൽ ബുധൻ, വ്യാഴം ദിവസങ്ങളിൽ പ്രത്യേക പൂജയുണ്ടാകും. വ്യാഴാഴ്‌ച അശ്വവാഹന എഴുന്നള്ളത്തും നടക്കും. 15നാണ് പഴയ കൽപാത്തി ലക്ഷ്‌മീനാരായണ പെരുമാൾ, ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രങ്ങളിൽ രഥാരോഹണം. രഥാരോഹണശേഷം ഇരുക്ഷേത്രങ്ങളിലെയും ദേവരഥങ്ങൾ ഗ്രാമപ്രദക്ഷിണത്തിനിറങ്ങും.
അവസാന മൂന്ന് ദിവസം അലങ്കരിച്ച രഥം തെരുവിലൂടെ ക്ഷേത്രത്തിലേക്ക് വലിക്കുവാനായി ആയിരക്കണക്കിന് ഭക്തജനങ്ങളാണിവിടെ എത്തിച്ചേരുന്നത്. 1425 എ.ഡിയിൽ നിർമിച്ചതാണ് ഈ ക്ഷേത്രം. കാശി വിശ്വനാഥ ക്ഷേത്രവുമായുള്ള സാമ്യം കാരണം കാശിയിൽ പകുതി കൽപ്പാത്തി എന്ന പഴഞ്ചൊല്ല് തന്നെയുണ്ട്. കാശിയിൽ പാതിയാണ് കൽപ്പാത്തിയായി മാറിയത് എന്നൊരു വിശ്വാസവും ഉണ്ട്.