മഹാരാജാസ് കോളേജ് വ്യാജരേഖാ കേസിൽ കുറ്റാരോപിത കെ വിദ്യക്കും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോയ്ക്കും എതിരെ ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ആർഷോ അഞ്ച് മിനിറ്റും പത്ത് മിനിറ്റും പരീക്ഷയെഴുതി പാസായ ആളാണെന്നും ഇക്കാര്യത്തിലൊന്നും സംസ്ഥാനത്ത് അന്വേഷണം നടക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വിദ്യക്ക് വ്യാജരേഖ ചമക്കാൻ സഹായിച്ചത് ആർഷോയാണെന്ന് അദ്ദേഹം പറഞ്ഞു. ഗുരുതരമായ കേസ് നേരിടുന്ന വിദ്യയെ സിപിഎം സംരക്ഷിക്കുകയാണെന്നും വിദ്യക്ക് പിറകിൽ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയാണെന്നും പറഞ്ഞ അദ്ദേഹം പിഎം ആർഷോ ക്രിമിനൽ പശ്ചാത്തലമുള്ളയാളാണെന്നും കുറ്റപ്പെടുത്തി. കൊച്ചിയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തെങ്കിലും രമ്യ ഒളിവിലെന്നാണ് പോലീസ് പറയുന്നത്. ഇന്നലെ കോളേജിലെത്തി പ്രിൻസിപ്പാളിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇന്നും പോലീസ് കോളേജിലെത്തി വിവരങ്ങൾ ശേഖരിക്കും. മഹാരാജാസ് കോളേജിൽ അദ്ധ്യാപന പ്രവർത്തി പരിചയമുണ്ടെന്ന വ്യാജരേഖയുമായി അട്ടപ്പാടി ഗവൺമെന്റ് കോളജിൽ കെ വിദ്യ അഭിമുഖത്തിനെത്തിയത് വെള്ള സ്വിഫ്റ്റ് കാറിലാണെന്ന് മുൻപ് കണ്ടെത്തിയിരുന്നു. ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് ഇക്കാര്യം വ്യക്തമായത്.
അതിനിടെ വിദ്യയെ കണ്ടെത്തുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് തൃശ്ശൂരിലെ മലയാള വേദി രംഗത്തെത്തി. കെ വിദ്യയെ കണ്ടെത്തുന്നവർക്ക് 10000 രൂപയും വിദ്യയെ കുറിച്ച് വിവരം നൽകുന്നവർക്ക് 5000 രൂപയുമാണ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്.