സംസ്ഥാനത്ത് ഇത്തവണ എല്ലാവർക്കും ഓണക്കിറ്റ് ഉണ്ടാകില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ഓണക്കിറ്റ് നൽകുന്നതിൽ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ലെന്നും, ഇത്തവണയും ഓണക്കിറ്റ് നൽകും എന്നാൽ ആർക്കൊക്കെയെന്ന് തീരുമാനമാനിച്ചിട്ടില്ലെന്നും ധനമന്ത്രി പറഞ്ഞു .ഓണക്കാലം നന്നായി കൊണ്ടുപോകാനുള്ള ശ്രമത്തിലാണ് സർക്കാർ. സപ്ലൈകോ പ്രതിസന്ധി തീർക്കാൻ പണം അനുവദിക്കുമെന്ന് ധനമന്ത്രി പറഞ്ഞു.
അതേസമയം കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ കേന്ദ്രത്തെ പഴിച്ച് ധനമന്ത്രി. എണ്ണ വിലക്കയറ്റം, കേന്ദ്ര നയങ്ങള്‍, നികുതി വിഹിതം സംസ്ഥാനത്തിന് ലഭിക്കാത്തത് തുടങ്ങിയ വിഷയങ്ങള്‍ കെ.എസ്.ആര്‍.ടി.സി.യിലെ പ്രതിസന്ധിക്ക് കാരണമായെന്ന് ബാലഗോപാല്‍ പറഞ്ഞു. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിനായി സര്‍ക്കാര്‍ സഹായം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ സമീപനങ്ങളാണ് പൊതുമേഖലയെ ആകെ ബാധിക്കുന്നത്. കേന്ദ്രം പൊതുമേഖലാ സ്ഥാപനങ്ങളെ ഇല്ലാതാക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ പൊതുമേഖലയെ ശക്തിപ്പെടുത്താനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുകയും പിന്തുണ നല്‍കുകയുമാണ് ചെയ്യുന്നത്. കെ.എസ്.ആര്‍.ടി.സി.ക്ക് വരുമാനം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാവണമെന്നും ധനമന്ത്രി പറഞ്ഞു.