ഉത്തരാഖണ്ഡിലെ ജോഷിമഠിന് സമീപമുള്ള ശങ്കരാചാര്യ മഠത്തിലും വിള്ളൽ രൂക്ഷമാവുന്നു. ജോഷിമഠിലെ മണ്ണിടിച്ചിലുണ്ടായ ഇടങ്ങളിലെ 600 ലേറെ കെട്ടിടങ്ങളിൽ വിള്ളൽ വീണിട്ടുണ്ട്. അതിൽ ഗുരുതരകേടുപാടുകൾ ഉള്ള കെട്ടിടങ്ങൾ പൊളിച്ചു കളയുമന്നും അധികൃതർ പറഞ്ഞു. രണ്ട് വാര്‍ഡുകളില്‍ കണ്ടു തുടങ്ങിയ പ്രശ്നം പത്തിലേറെ വാര്‍ഡുകളില്‍ ഭീഷണിയായതോടെ പ്രതിഷേധവുമായി ജനം തെരുവിലിറങ്ങിയിരിക്കയാണ്. ജോഷിമഠ് രക്ഷിക്കാനായി തുരങ്ക നിർമ്മാണം നിർത്തി വെക്കണമെന്ന് മുൻ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്ത് ആവശ്യപ്പെട്ടിരുന്നു.
അതിനിടെ ജല വൈദ്യുത പദ്ധതി തന്നെയാണ് പ്രശ്നങ്ങൾക്ക് കാരണം എന്നാണ് ശങ്കരാചാര്യമഠത്തിലെ ആളുകളും വിശ്വസിക്കുന്നത്. കഴിഞ്ഞ 15 ദിവസങ്ങള്‍ക്കുള്ളിലാണ് ഈ വിള്ളലുകളുണ്ടായതെന്ന് മഠ അധികാരികള്‍ പറഞ്ഞു. ജോഷിമഠിൽ ഇതുവരെ 81 കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായാണ് ജില്ലാ ഭരണകൂടം വിശദമാക്കുന്നത്. 1191 പേരെ ഉൾക്കൊള്ളുന്ന കെട്ടിടങ്ങൾ കണ്ടെത്തി നൽകിയതായും ജില്ലാ ഭരണകൂടം പുറത്തുവിട്ട പ്രതിദിന റിപ്പോർട്ടിൽ പറയുന്നു. ജോഷിമഠിനു പുറത്ത് പീപ്പൽകൊട്ടി എന്ന സ്ഥലത്തും കെട്ടിടങ്ങൾ കണ്ടെത്തി നൽകിയിട്ടുണ്ട്. ഇങ്ങനെ ഇടിയുന്ന പട്ടണങ്ങളെ ദുരന്ത ബാധിത മേഖലയായി പ്രഖ്യാപിക്കുകയും പുതിയ നിർമാണങ്ങൾ നിരോധിക്കുകയും ചെയ്തിട്ടുണ്ട്. ജോഷിമഠിനെ ഭൂമിയുടെ ഉറപ്പിനെ അടിസ്ഥാനമാക്കി മൂന്ന് സോണുകളാക്കി തിരിച്ചിട്ടുണ്ട്. അപകട മേഖല, ബഫർ സോൺ, പൂർണ സുരക്ഷയുള്ള മേഖല എന്നിങ്ങനെയാണ് തിരിച്ചത്. ഏകദേശം 4000 ജനങ്ങളെ സുരക്ഷിത മേഖലകളിലേക്ക് മാറ്റിപ്പാർപ്പിച്ചു കഴിഞ്ഞു. ജോഷിമഠിന്റെ 30 ശതമാനം ഭാഗത്തും ദുരന്തം ബാധിച്ചിട്ടുണ്ട്.