‘അമ്മ’ നേരത്തെ പ്രതികരിക്കേണ്ടിയിരുന്നുവെന്ന് വൈസ് പ്രസിഡന്റ് ജയൻ ചേർത്തല പ്രതികരിച്ചു. പ്രതികരിക്കാൻ വൈകിയതിൽ താൻ വിഷമിക്കുന്നുവെന്നും ജയൻ ചേർത്തല ഒരു മാധ്യമത്തോട് പറഞ്ഞു. അമ്മ നേരത്തെ പ്രതികരിക്കേണ്ടതായിരുന്നു എന്നും അധികം വൈകാതെ എക്സിക്യൂട്ടീവ് ചേരുമെന്നും കൃത്യമായ പ്രതികരണം ഉണ്ടാവുമെന്നും ജയൻ ചേർത്തല പറഞ്ഞു. റിപ്പോർട്ടിനെ കുറിച്ച് കൃത്യമായി അറിയാത്തത് മൂലമാണ് സെക്രട്ടറിയും പ്രസിഡന്റും പിന്നീട് പ്രതികരിക്കാമെന്ന് അറിയിച്ചതെന്നും ജയൻ ചേർത്തല പറഞ്ഞു.തെറ്റിദ്ധാരണയുടെ ആവശ്യമില്ല. സിനിമാ മേഖലയിൽ നിന്ന് മോശപ്പെട്ട അനുഭവം ഉണ്ടായെന്ന് പറയുന്നവർക്കൊപ്പം നിൽക്കണമെന്ന് ആവശ്യപ്പെട്ട് സംഘടനയിൽ സംസാരിച്ച വ്യക്തിയാണ് താൻ. പക്ഷേ, സാങ്കേതിക വിഷയം കൊണ്ടാണ് പ്രതികരണം വൈകിയത്. ഞാൻ അമ്മയുടെ ഔദ്യോഗിക വക്താവല്ല. സാമൂഹ്യ പ്രവർത്തകൻ എന്ന നിലയിലും സിനിമാ പ്രവർത്തകൻ എന്ന നിലയിലും പ്രതികരിക്കാൻ വൈകിയത് തെറ്റാണെന്ന അഭിപ്രായക്കാരനാണ് താനെന്നും ജയൻ ചേർത്തല പറഞ്ഞു. കുക്കു പരമേശ്വരൻ ഉൾപ്പെടെയുള്ളവർ നടത്തിയ പരാമർശങ്ങളോട് യോജിപ്പില്ല.
രാഷ്ട്രീയത്തിലെന്നതുപോലെ സിനിമ മേഖലയിലും പല തട്ടുകളിൽ ഗ്രൂപ്പുകൾ ഉണ്ടാകാമെന്നും ദിലീപ് കേസിൽ പ്രതികരിച്ചതിനെ തുടർന്ന് തനിക്കും അവസരം നഷ്ടമായി എന്നും നടൻ ജോയ് മാത്യു വെളിപ്പെടുത്തി. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ഭാഗങ്ങൾ സർക്കാർ ഒഴിവാക്കിയത് തെറ്റാണെന്നും ജോയ് മാത്യു അഭിപ്രായപ്പെട്ടു. ഒളിച്ചു വച്ച വിവരങ്ങൾ എല്ലാം പുറത്തു വരും. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതോടെ എല്ലാവരും മോശക്കാരാണെന്ന പ്രതീതിയായിട്ടുണ്ടെന്നും അദ്ദേഹം വിമർശിച്ചു. ഇതിന് എങ്ങനെ പരിഹാരം കാണണമെന്ന് അമ്മ ചർച്ച ചെയ്യും. സിനിമ മേഖലയിലെ സ്ത്രീകൾക്കുള്ള സൗകര്യങ്ങൾ മെച്ചപ്പെടണം. നാലര വർഷം റിപ്പോർട്ട് പൂഴ്ത്തി വച്ചത് സർക്കാർ ചെയ്ത തെറ്റാണെന്നും ജോയ് മാത്യു പറഞ്ഞു.