ബഹ്റൈനെ രണ്ട് ഗോളുകൾ പരാജയപ്പെടുത്തി ജപ്പാൻ 2026 ഫിഫ ലോകകപ്പ് യോഗ്യത നേടുന്ന ആദ്യ ടീമായി. ഏഷ്യൻ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലെ മൂന്നാം റൗണ്ടിൽ ബഹ്റൈനെ തോൽപ്പിച്ചതോടെയാണ് ജപ്പാൻ അടുത്ത ഫിഫ ലോകകപ്പിലേക്ക് ടിക്കറ്റ് ഉറപ്പിച്ച ആദ്യ രാജ്യമായത്. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ബഹ്റൈനെ ജപ്പാൻ വീഴ്ത്തിയത്. സ്വന്തം മണ്ണിൽ വെച്ച് നടന്ന മത്സരത്തിൽ ജയിച്ച് ലോകകപ്പ് യോഗ്യത ഉറപ്പിക്കാനായത് ജപ്പാന് ഇരട്ടി മധുരമാവുന്നു. ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ നടന്നു കൊണ്ടിരിക്കുമ്പോൾ 2026 ലോകകപ്പിലേക്ക് യോഗ്യത നേടുന്ന ആദ്യ രാജ്യമായി ജപ്പാൻ മാറി.
ജപ്പാനിലെ സൈതാമ സ്റ്റേഡിയത്തിലായിരുന്നു മത്സരം. ആദ്യ പകുതിയിൽ ഇരു ടീമുകൾക്കും ഗോളൊന്നും കണ്ടെത്താനായില്ല. എന്നാൽ രണ്ടാം പകുതിയിൽ ജപ്പാനിൽ നിന്ന് മികച്ച മുന്നേറ്റങ്ങൾ വന്നു. 66ാം മിനിറ്റിൽ പരക്കാരനായെത്തിയ മുന്നേറ്റ നിര താരം ഡൈച്ചി കമഡയിലൂടെയാണ് ആദ്യ ഗോൾ വലയിലാക്കിയത്. 87ാം മിനിറ്റിൽ ടേക്ക് ഫുസകുബോയിലൂടെ വീണ്ടും ഗോളടിച്ച് ജപ്പാൻ ആധിപത്യം ഉറപ്പിച്ചു. മികച്ച നീക്കങ്ങൾ കളിക്കളത്തിൽ ബഹ്റൈനിൽ നിന്ന് വന്നെങ്കിലും ഗോൾ അകന്ന് നിന്നു. ഏഷ്യൻ യോഗ്യതാ റൗണ്ടിൽ മികച്ച ഫോമിലാണ് ജപ്പാന്റെ കളി. ബഹ്റൈനെതിരായ ജയത്തോടെ 19 പോയിന്‍റുമായി ഗ്രൂപ്പിൽ ഒന്നാം സ്ഥാനം നിലനിർത്തുകയാണ് ജപ്പാൻ. അഞ്ച് മത്സരങ്ങൾ ജപ്പാൻ ജയിച്ചപ്പോൾ ഒരു കളിയിൽ സമനിലയിൽ പിരിഞ്ഞു.
യുഎസ്എയും മെക്സിക്കോയും കാനഡയും ചേർന്ന് ആതിഥേയത്വം വഹിക്കുന്ന അടുത്ത ഫുട്ബോൾ മാമാങ്കത്തിനായി നാളുകളെണ്ണി കാത്തിരിക്കുകയാണ് ആരാധകർ.