അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ “ഒന്നാം നമ്പർ ശത്രു” എന്ന് മുദ്രകുത്തി ഇറാന്റെ ഇസ്ലാമിക ഭരണകൂടം അദ്ദേഹത്തെ വധിക്കാൻ പദ്ധതിയിട്ടിരുന്നുവെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ വെളിപ്പെടുത്തല്‍. ഇറാൻ്റെ യുറേനിയം ഉത്പാദനത്തിന് അമേരിക്ക ഭീഷണിയാകുമെന്ന് മനസിലാക്കിയതിന് പിന്നാലെയാണ് ഇറാന്‍ ട്രംപിനെ വധിക്കാന്‍ പദ്ധതികള്‍ മെനയുന്നത്. ഇറാൻ്റെ ആണവ പദ്ധതികള്‍ ഇസ്രയേലിന് ഭീഷണി എന്നതു പോലെ അമേരിക്കയ്ക്കും ഭീഷണിയാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇസ്രയേല്‍ പ്രധാനമന്ത്രി.
“അവർ അദ്ദേഹത്തെ കൊല്ലാൻ ആഗ്രഹിക്കുന്നു. അദ്ദേഹം ഇപ്പോൾ ഒന്നാം നമ്പർ ശത്രുവാണ്. ഒരു നിർണായക നേതാവാണ്. മറ്റുള്ളവർ സ്വീകരിച്ച പാതയിലൂടെ ദുർബലമായ രീതിയിൽ വിലപേശാൻ അദ്ദേഹം ഒരിക്കലും പോയിട്ടില്ല.” ഫോക്സ് ന്യൂസിന്റെ ബ്രെറ്റ് ബെയറിനോട് നെതന്യാഹു പറഞ്ഞു. “വ്യാജ കരാർ” എന്ന് താൻ വിശേഷിപ്പിച്ചത് പൊളിച്ചുമാറ്റിയതിനും, ഇറാൻ ആണവ കരാറിൽ നിന്ന് പിന്മാറിയതിനും, ഇറാനിയൻ കമാൻഡർ ഖാസിം സുലൈമാനിയെ കൊലപ്പെടുത്തിയതിനും ട്രംപിനെ അദ്ദേഹം പ്രശംസിച്ചു. ഇറാൻ ആണവായുധങ്ങൾ സ്വന്തമാക്കുന്നത് തടയണമെന്ന ട്രംപിന്റെ ശക്തമായ നിലപാടാണ് അദ്ദേഹത്തെ പ്രധാന ലക്ഷ്യമാക്കിയതെന്ന് പ്രധാനമന്ത്രി നെതന്യാഹു പറഞ്ഞു.“നിങ്ങൾക്ക് ഒരു ആണവായുധം കൈവശം വയ്ക്കാൻ കഴിയില്ല, അതായത് നിങ്ങൾക്ക് യുറേനിയം സമ്പുഷ്ടമാക്കാൻ കഴിയില്ല എന്ന് അദ്ദേഹം വളരെ വ്യക്തമായി പറഞ്ഞു.” ഇസ്രായേൽ പ്രധാനമന്ത്രി പറഞ്ഞു.
മിസൈലുകള്‍ തടയുന്നതിലൂടെ ഇസ്രയേൽ സ്വയം സംരക്ഷിക്കുക മാത്രമല്ല, ലോകത്തെയും സംരക്ഷിക്കുകയാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഇസ്രയേൽ നഗരങ്ങളിൽ വൻതോതിലുള്ള ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിലൂടെ ഇറാൻ തിരിച്ചടിച്ചു, പക്ഷേ പലതും പരാജയപ്പെട്ടിരുന്നു. ഇസ്രയേലിൻ്റെ ആക്രമണ നടപടികൾ ഇറാനിയൻ ആണവ പദ്ധതിയെ ഒരു പരിധിവരെ പിന്നോട്ടടിച്ചെന്ന് നെതന്യാഹു ഫോക്‌സ് ന്യൂസിനോട് പറഞ്ഞു. ഇറാൻ ലോകത്തിന് ഉയർത്തുന്ന ആണവ, ബാലിസ്റ്റിക് മിസൈൽ ഭീഷണി ഇല്ലാതാക്കാൻ ആവശ്യമായതെല്ലാം ചെയ്യാൻ തൻ്റെ രാജ്യം തയാറാണെന്നും അദ്ദേഹം പറഞ്ഞു.
ഓപ്പറേഷൻ റൈസിങ് ലയൺ എന്ന് വിളിക്കപ്പെടുന്ന ഈ ഓപ്പറേഷനെ “ചരിത്രത്തിലെ ഏറ്റവും വലിയ സൈനിക നടപടികളിൽ ഒന്ന്” എന്നാണ് നെതന്യാഹു വിശേഷിപ്പിച്ചത്. ഇസ്രയേലിന് നശിപ്പിക്കുമെന്ന് വളരെക്കാലമായി ഭീഷണിപ്പെടുത്തിയ അതേ ഇസ്ലാമിക ഭരണകൂടം 50 വർഷമായി ഇറാനിയൻ ജനതയെ അടിച്ചമർത്തുകയായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.