പേർഷ്യൻ ഗൾഫിൽ സ്ഥിതി ചെയ്യുന്ന ഖാർഗ് ദ്വീപിലെ സൈനിക കേന്ദ്രങ്ങൾ പൂർണ്ണമായും തകർക്കപ്പെട്ടുവെന്നും മിഡിൽ ഈസ്റ്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ശക്തമായ ബോംബാക്രമണങ്ങളിൽ ഒന്നാണിതെന്നും യുഎസ് പ്രസിഡന്റ് ട്രംപ്. നിലവിൽ ദ്വീപിലെ എണ്ണ കേന്ദ്രങ്ങൾ ലക്ഷ്യം വെക്കേണ്ടെന്ന് താൻ തീരുമാനിച്ചതായും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ഖാർഗ് ദ്വീപിലെ സൈനിക ലക്ഷ്യങ്ങൾ മാത്രമാണ് ആക്രമിക്കപ്പെട്ടത്. ഇറാൻ വൻകരയിൽ നിന്ന് ഏകദേശം 50 കിലോമീറ്റർ അകലെ പേർഷ്യൻ ഗൾഫിൽ സ്ഥിതി ചെയ്യുന്ന അഞ്ച് മൈൽ നീളമുള്ള ഖാർഗ് ദ്വീപിന് നേരെയാണ് ശക്തമായ ബോംബാക്രമണം ഉണ്ടായത്. ഇറാന്റെ എണ്ണ കയറ്റുമതിയുടെ ഭൂരിഭാഗവും ഈ ദ്വീപ് വഴിയാണ് നടക്കുന്നത്. ഇത് ഇറാന്റെ പ്രതിദിന ക്രൂഡ് ഓയിൽ കയറ്റുമതിയെ പൂർണ്ണമായും ഇല്ലാതാക്കുന്നതിന് തുല്യമാണ്. യുഎസ്-ഇസ്രായേൽ സൈനിക നടപടി ആരംഭിച്ചതിന് ശേഷം ഇറാനിലെ ഏകദേശം 5,000 കേന്ദ്രങ്ങൾ ആക്രമിക്കപ്പെട്ടെങ്കിലും ഖാർഗ് ദ്വീപിനെ ഇതുവരെ ഒഴിവാക്കിയിരുന്നു.
മൂന്നാം ആഴ്ചയിലേക്ക് കടക്കുന്ന സംഘർഷത്തിൽ ഖാർഗ് ദ്വീപിന് നേരെയുണ്ടായ ആക്രമണം സ്ഥിതിഗതികൾ അതീവ ഗുരുതരമാക്കിയേക്കുമെന്നാണ് വിലയിരുത്തൽ. അവിടെ ഉണ്ടാകുന്ന ഏതൊരു തടസ്സവും നിലവിൽ കുതിച്ചുയരുന്ന ആഗോള എണ്ണവിലയെ നിയന്ത്രണാതീതമാക്കുമെന്ന് വിശകലന വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഹോർമുസ് കടലിടുക്കിൽ യുഎസുമായോ ഇസ്രായേലുമായോ ബന്ധപ്പെട്ട വ്യാപാര കപ്പലുകളെയും എണ്ണ ടാങ്കറുകളെയും ഇറാൻ ലക്ഷ്യമിടുന്നതിനാൽ സംഘർഷ സാധ്യത വർദ്ധിച്ചിരിക്കുകയാണ്. ഖാർഗ് ദ്വീപിൽ യു.എസ് സൈന്യം എല്ലാ സൈനിക ലക്ഷ്യങ്ങളും പൂർണ്ണമായും ഇല്ലാതാക്കിയതായും മിഡിൽ ഈസ്റ്റിന്റെ ചരിത്രത്തിലെ ഏറ്റവും ശക്തമായ ബോംബിംഗ് റെയ്ഡുകളിലൊന്നാണ് നടന്നതെന്നും ട്രംപ് ട്രൂത്ത് സോഷ്യൽ പോസ്റ്റിൽ അവകാശപ്പെട്ടിരുന്നു. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം തടസ്സപ്പെടുത്തുന്നത് ഇറാൻ തുടർന്നാൽ ദ്വീപിന്റെ എണ്ണ അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യം വയ്ക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി.
ഖാർഗ് ദ്വീപിൽ 15 ലധികം സ്ഫോടനങ്ങൾ കേട്ടെങ്കിലും, യു.എസ് ആക്രമണങ്ങളിൽ എണ്ണ അടിസ്ഥാന സൗകര്യങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്ന് ഇറാന്റെ സ്റ്റേറ്റ് ലിങ്ക്ഡ് ഫാർസ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിലും, ഇറാൻ ക്രൂഡ് കയറ്റുമതി തുടരുകയാണ്. അതേസമയം ഇറാനിയൻ ആക്രമണങ്ങളെ ഭയന്ന് മറ്റു നിരവധി ഗൾഫ് രാജ്യങ്ങൾ കയറ്റുമതി നിർത്തിവച്ചിട്ടുണ്ട്. ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമേനി തന്റെ ആദ്യ പൊതു പ്രസ്താവനയിൽ ഹോർമുസ് കടലിടുക്ക് അടച്ചിടുമെന്ന് പ്രതിജ്ഞയെടുത്തതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. അയൽ രാജ്യങ്ങൾ അവരുടെ പ്രദേശത്തെ യു.എസ് സൈനിക താവളങ്ങൾ അടച്ചുപൂട്ടണമെന്നും അല്ലെങ്കിൽ ഇനിയും ആക്രമണങ്ങളുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഖാർഗ് ദ്വീപിൽ യു.എസ് ആക്രമണം ഉണ്ടായത്.
ഇറാന്റെ മധ്യഭാഗത്തും പടിഞ്ഞാറൻ ഭാഗത്തുമുള്ള എണ്ണപ്പാടങ്ങളിൽ നിന്നുള്ള പൈപ്പ് ലൈനുകൾ അവസാനിക്കുന്നത് ഖാർഗിലാണ്. ‘അമോക്കോ’ (Amoco) എന്ന യുഎസ് എണ്ണക്കമ്പനി സ്ഥാപിച്ച ഈ കേന്ദ്രം 1979-ലെ വിപ്ലവകാലത്ത് ഇറാൻ പിടിച്ചെടുക്കുകയായിരുന്നു. ഇറാന്റെ തീരപ്രദേശങ്ങളിൽ ഭൂരിഭാഗവും വലിയ ക്രൂഡ് ഓയിൽ കപ്പലുകൾക്ക് അടുക്കാൻ കഴിയാത്തത്ര ആഴം കുറഞ്ഞതാണ്. എന്നാൽ ഖാർഗ് ദ്വീപിന് സമീപം ആഴക്കടലായതിനാൽ വലിയ കപ്പലുകൾക്ക് എളുപ്പത്തിൽ അടുക്കാൻ സാധിക്കും. ജെപി മോർഗന്റെ കണക്കനുസരിച്ച് പ്രതിദിനം ശരാശരി 15 ലക്ഷം ബാരൽ എണ്ണ ഖാർഗ് വഴി കടന്നുപോകുന്നുണ്ട്. എന്നാൽ യുഎസ് ആക്രമണം പ്രതീക്ഷിച്ചുകൊണ്ട് ഫെബ്രുവരി പകുതിയോടെ ഇറാൻ ഇത് പ്രതിദിനം 30 ലക്ഷം ബാരലായി ഉയർത്തിയിരുന്നു. കൂടാതെ 1.8 കോടി ബാരൽ എണ്ണ ഖാർഗിൽ കരുതലായി സംഭരിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

