ന്യൂഡല്‍ഹി: രാജ്യവ്യാപകമായി ഇൻഡിഗോ സർവീസ് റദ്ദാക്കുകയും വൈകുകയും ചെയ്തതിന് പിന്നാലെ ഇന്‍ഡിഗോയ്‌ക്കെതിരെ കടുത്ത നടപടിയുമായി കേന്ദ്രം. നിരവധി യാത്രക്കാരാണ് കഴിഞ്ഞ ദിവസങ്ങളിൽ പ്രതിസന്ധിയിലായത്. തുടർന്ന് ഇന്‍ഡിഗോയ്‌ക്കെതിരെ കടുത്ത നടപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് കേന്ദ്രം. വിമാനയാത്രാ പ്രതിസന്ധിയില്‍ എയർലൈനിനെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും ഇൻഡിഗോ സിഇഒ പീറ്റർ എല്‍ബേഴ്സിനെ പുറത്താക്കണമെന്നും വ്യോമയാന മന്ത്രാലയം ഇൻഡിഗോ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
ഇൻഡിഗോക്കെതിരെ വൻ തുക പിഴ ചുമത്താൻ നീക്കമുള്ളതായും ഇൻഡിഗോയ്ക്ക് സർവീസ് നടത്താൻ അനുവാദമുള്ള വിമാനങ്ങളുടെ എണ്ണം കുറയ്ക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും വൃത്തങ്ങള്‍ വ്യക്തമാക്കി. ഇന്ത്യയിലെ എയർലൈനിനെതിരെ ഇതുവരെ സ്വീകരിച്ചിട്ടുള്ള നടപടിയെക്കാള്‍ ഏറ്റവും വലിയ നടപടിയാണിതെന്നും വൃത്തങ്ങള്‍ പറഞ്ഞു.
അതേസമയം സംഭവത്തെ തുടർന്ന് പരസ്യമായി മാപ്പ് പറഞ്ഞ് ഇൻഡിഗോ സിഇഒ പീറ്റർ എല്‍ബേഴ്സ് ഇന്നലെ രംഗത്തെത്തിയിരുന്നു. പ്രതിസന്ധി എത്രയും വേഗം പരിഹരിക്കാൻ ശ്രമം നടത്തുമെന്നും പ്രശ്നം പരിഹരിക്കാൻ ത്രിതല നടപടികള്‍ സ്വീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

